വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് കുട്ടികള്‍; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ; വിമര്‍ശനം

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിന്‍ യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍. ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവച്ചു.

ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിലാണ് കുട്ടികള്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയില്‍വേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. യാതൊരു മടിയുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ആ സതേണ്‍ റെയില്‍വേയ്ക്ക് കഴിയുന്നതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ തന്നെ എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം. കുട്ടികള്‍ ദേശഭക്തിഗാനം പാടുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.

ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ ഔദ്യോഗിക പേജിലടക്കം ഷെയര്‍ ചെയ്യുന്നതെന്ന വിമര്‍ശനമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ഉയരുന്നത്. ആര്‍എസ്എസ് നയം ചില റെയില്‍വേ ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു നീക്കം.

തങ്ങളല്ല ഇട്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച രണ്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. ആരാണ് ഈ വീഡിയോ ഈ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത് എന്നതില്‍ കൃത്യമായ ഒരു വിശദീകരണം റെയില്‍വേയ്ക്ക് ഈ ഘട്ടത്തില്‍ ഇല്ല

കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ പുറപ്പെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*