വേഗ രാജാവ് ഇനി ബിവൈഡി; ബുഗാട്ടിയുടെ റെക്കോർഡ് തകർത്ത് ചൈനീസ് ഇലക്ട്രിക് കാർ

ലോകത്തെ ഏറ്റവും വേഗമുള്ള പ്രൊഡക്ഷൻ കാറിന്റെ റെക്കോർഡ് സ്വന്തമാക്കി ചൈനീസ് കമ്പനിയായ ബിവൈഡിയുടെ യാങ് വാങ് യു9 എക്സ്ട്രീം. മണിക്കൂറിൽ 496.22 കിലോമീറ്റർ(308.4 മൈൽ) വേഗത്തിൽ കുതിച്ചു പാഞ്ഞാണ് യാങ് വാങ് യു 9 എക്സ്ട്രീം ലോകത്തെ ഏറ്റവും വേഗമേറിയ കാറായി മാറിയത്. ജർമനിയിലെ എടിപി പാപെൻബർഗ് ടെസ്റ്റ് ട്രാക്കിൽ സെപ്റ്റംബർ 14നായിരുന്നു റെക്കോഡ് പ്രകടനം. ബുഗാട്ടി കെയ്ൺ സൂപ്പർ സ്പാർട്ട് 300+ 2019ൽ സ്ഥാപിച്ച മണിക്കൂറിൽ 490.4 കിലോമീറ്ററിന്റെ റെക്കോഡാണ് യു എക്സ്ട്രീം മറികടന്നത്. റെക്കോഡ് വേഗത്തിൽ യു എക്സ്ട്രീം കുതിക്കുമ്പോൾ ജർമൻ ഡവർ മാർക് ബങായിരുന്നു ഡ്രൈവിങ് സീറ്റിൽ. വൈദ്യുത വാഹനങ്ങളിൽ വേഗ റെക്കോഡുകൾ സൃഷ്ടിച്ച് പരിചയമുള്ള ഡ്രൈവറാണ് മാർക് ബസെങ്. ആദ്യമായാണ് ഒരു ചൈനീസ് കാർ ലോകത്തെ ഏറ്റവും വേഗമേറിയ കാറെന്ന നേട്ടത്തിലേക്കെത്തുന്നത്. യൂറോപ്യൻ കാർ നിർമാതാക്കളാണ് അതിവേഗ കാറുകളുടെ റെക്കോഡുകളിൽ നേരത്തെ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.

ബിവൈഡി യാങ് വാങ് യുടന്റെ ലിമിറ്റഡ് എഡിഷൻ വാഹനമാണ് യു9 എക്സ്ട്രീം അഥവാ യുഎക്സ്. നാല് വൈദ്യുത മോട്ടോറുകളാണ് ഈ സൂപ്പർകാറിന്റെ കരുത്ത്. 3,027 എച്ച്പി വരെ കരുത്തുണ്ട് ഈ വാഹനത്തിന്. ഓരോ മോട്ടോറും 30,000ആർപിഎമ്മിൽ 757 എച്ച്പി വരെ കരുത്ത് പുറത്തെടുക്കും. സ്റ്റാൻഡേഡ് യു9 മോഡലിന് പരമാവധി 1,287 എച്ച്പി വരെ മാത്രമാണ് കരുത്ത്. ബിവൈഡിയുടെ പുതിയ സൂപ്പർ സിലിക്കൺ ടെക്നോളജിയാണ് യു എക്സ്ട്രീമിന്റെ പവർ ട്രെയിനിൽ ഉപയോഗിച്ചിട്ടുള്ളത്. 0.1 മില്ലീമീറ്റർ മാത്രം കനമുള്ള ഷീറ്റുകളാണ് ഈ വാഹനത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 1200 വോൾട്ടിന്റെ ഹൈ വോൾട്ടേജ് സിസ്റ്റമാണ് ഈ കാറിലുള്ളത്. ഭൂരിഭാഗം ഇവികളിലും 800 വോൾട്ടിന്റെ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇത് യു9 എക്സ്ട്രീമിൽ അതിവേഗ ചാർജിങും കൂടുതൽ കാര്യക്ഷമമായ പവർ ഡെലിവറിയും ഒപ്പം പരമാവധി മികച്ച പെർഫോമെൻസും ഉറപ്പാക്കുന്നു. ബിവൈഡിയുടെ ബ്ലേഡ് ബാറ്ററിയാണ് യു9 എക്സ്ട്രീമിൽ ഉള്ളത്.

മണിക്കൂറിൽ 500 കിലോമീറ്ററിനടുത്തുള്ള വേഗതയിലേക്കെത്തണമെങ്കിൽ വെറും കരുത്തുകൊണ്ട് മാത്രം അത് സാധ്യമാവില്ല. ഉയർന്ന വേഗതയിലും നിയന്ത്രണം ഉറപ്പിക്കാൻ ബിവൈഡി യു9 എക്സ്ട്രീമിനു വേണ്ടി പ്രത്യേകം സെമി സ്ലിക്ക് ടയറുകളും പുതിയ DiSus-X സസ്പെൻഷൻ സംവിധാനവും നിർമിച്ചു. എയറോഡൈനാമിക്സിലും മാറ്റങ്ങൾ വരുത്തി. മണിക്കൂറിൽ 490 കിലോമീറ്റർ വേഗതയിൽ കുതിക്കുമ്പോഴും നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുംവിധമാണ് ചേസിസിൽ മാറ്റങ്ങൾ വരുത്തിയത്. ഇതെല്ലാം ചേർന്നാണ് ഈ റെക്കോഡ് ബ്രേക്കിങ് പ്രകടനം ബിവൈഡിക്ക് സാധ്യമാക്കി കൊടുത്തത്.

റേസിങ് ട്രാക്കിലും മികവു തെളിയിച്ചിട്ടുള്ള വാഹനമാണ് യു9 എക്സ്ട്രീം. റേസർമാരുടെ നരകമെന്ന് കരുതപ്പെടുന്ന ജർമനിയിലെ ന്യൂർബർഗിങ് റേസ്റ്റാക്കിലായിരുന്നു യു9 എക്സ്ട്രീമിന്റെ പ്രകടനം. 20.76 കിലോമീറ്റർ നീളമുള്ള ന്യൂർബർഗിങിനെ ഒരുതവണ വലം വെക്കണമെങ്കിൽ 150 വളവുകൾ ഡവർമാർ മറികടക്കണം. എത്ര മികച്ച ഡ്രൈവർമാരേയും പരീക്ഷിക്കുന്ന ന്യൂർബർഗിങ് 6 മിനുറ്റ് 59 സെക്കൻഡിൽ യു9 എക്സ്ട്രീം മറികടന്നു. ഇതും ഒരു പ്രൊഡക്ഷൻ കാറിന്റെ ഏറ്റവും മികച്ച സമയമായിരുന്നു.

വേഗതകൊണ്ടു മാത്രമല്ല അപൂര്‍വതകൊണ്ടും യു9 എക്‌സ്ട്രീം ശ്രദ്ധ നേടുന്നുണ്ട്. ബിവൈഡി ആകെ 30 യു9 എക്‌സ്ട്രീമുകള്‍ മാത്രമേ നിര്‍മിക്കുകയുള്ളൂ. റെക്കോഡ് പ്രകടനം കൂടി നടത്തിയതോടെ ഈ 30ല്‍ ഒന്ന് സ്വന്തമാക്കാനുള്ള വാഹനപ്രേമികളുടെ മത്സരവും എക്‌സ്ട്രീമായി ആരംഭിച്ചു കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*