‘ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ്. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണ് എന്ന തലക്കെട്ടോടെ പിണറായി വിജയന്റെ പോസ്റ്റർ അടക്കം പങ്കുവച്ചാണ് പ്രശംസ. 

“കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതു ദൗത്യമാണ്”- ഷു ഫെയ്ഹോങ് കുറിച്ചു.

അതേസമയം അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം പുതിയ കേരളത്തിന്‍റെ ഉദയവും നവകേരളത്തിലേക്കുള്ള ചവിട്ടുപടിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് തട്ടിപ്പല്ല, യാഥാർഥ്യമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്.

അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രസവ ചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീക്കു പകരം ജനശ്രീ എന്ന പേരിൽ ഒരു സംവിധാനം കൊണ്ടുവരാൻ ശ്രമിച്ചതും നമ്മുടെയെല്ലാം അനുഭവത്തിൽ ഉള്ളതാണ്. 2021ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് അന്ന് ഒരു മുന്നണിയുടെ സമുന്നതനായ നേതാവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഉയർ‌ത്തുക എന്നതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യമായി നാം കണ്ടത്. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*