പരിസ്ഥിതി സംതുലത്തിനെ സഹായിക്കുന്ന ജീവി വര്‍ഗ്ഗങ്ങളിലുള്‍പ്പെട്ടതിനാല്‍ കൈവശം വെക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതും കുറ്റകരമായ രാജ്ഞി ഗാര്ഡന് ഉറുമ്പുകളുമായി ചൈനീസ് പൗരനായ ഷാങ് കെക്വന് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാന താവളത്തില്‍ പിടിയിലായി. രണ്ടായിരത്തിലധികം വരുന്ന പൂന്തോട്ട ഉറുമ്പുകളെയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വിമാന താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷാങ് കെക്വനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു. പ്രതിയുടെ ബാഗില്‍ നിന്നാണ് ജീവനുള്ള ഉറുമ്പുകളെ പ്രത്യേക കണ്ടെയിനറുകളില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര ജൈവ വൈവിധ്യ ഉടമ്പടികളാല്‍ സംരക്ഷിക്കപ്പെടുന്നതിനാല്‍ തന്നെ ഈ ഉറുമ്പുകളെ കടത്തുന്നത് കുറ്റകരമാണ്. കഴിഞ്ഞ വര്‍ഷം കെനിയന്‍ വൈല്‍ഡ്ലൈഫ് സര്‍വീസ് (കെഡബ്ല്യുഎസ്) യൂറോപ്പിലും ഏഷ്യയിലും ‘മെസ്സര്‍ സെഫലോട്ടുകള്‍’ എന്നറിയപ്പെടുന്ന പൂന്തോട്ട ഉറുമ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഷാങ് കെക്വന്റെ സ്വകാര്യ ലഗേജിനുള്ളിലെ ടെസ്റ്റ് ട്യൂബുകളില്‍ പായ്ക്ക് ചെയ്ത നിലയില്‍ 1948 ഉറുമ്പുകളുള്ളതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ അലന് മുലാമ ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. ‘ബാഗിനുള്ളിലെ മൂന്ന് റോളുകളിലായി ജീവനുള്ള 300 ഉറുമ്പുകളെ കൂടി കണ്ടെടുത്തു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലുള്പ്പെട്ടയാളാണോ പ്രതിയെ്ന്ന് സംശയമുള്ളതിനാല്‍ ഇയാളുടെ ഫോണ്‍, ലാപ്ടോപ്പ് എന്നിവ ഫോറന്‍സിക് പരിശോധനക്കായി പിടിച്ചെടുക്കും.
ഇക്കഴിഞ്ഞ മെയ്മാസത്തില്‍ രാജ്ഞി ഗാര്ഡന് ഉറുമ്പുകളെ കടത്തിയെന്ന കുറ്റത്തിന് നാല് പേരെ 7700 ഡോളര്‍ (ഏഴ് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴിയൊടുക്കുന്നതിനോ തടവിനോ ശിക്ഷിച്ചിരുന്നു. കെനിയയുടെ പട്ടണങ്ങളിലെല്ലാം കള്ളക്കടത്ത് സംഘങ്ങള്‍ക്കായ് അന്വേഷണം വ്യാപിപ്പിച്ചതിനാല്‍ കൂടുതല്‍ അറസ്റ്റുകള്‍ പ്രതീക്ഷിക്കുന്നതായി കെഡബ്ല്യുഎസ് ഉദ്യോഗസ്ഥനായ ഡങ്കന്‍ ജുമ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് പറഞ്ഞു.
ഒരു വിയറ്റ്നാം പൗനരനെയും ഒരു കെനിയന്‍ പൗരനയും മുമ്പ് ഇതേ കുറ്റം ആരോപിച്ച് പിടികൂടിയിരുന്നു. ഉറുമ്പുകളെ ഒരു ഹോബിയായി ശേഖരിക്കുകയാണ് പലരും ചെയ്യുന്നത്. യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളിലെ പെറ്റ് വിപണികളിലേക്കാണ് ഉറുമ്പുകള്‍ എത്തുന്നത്. അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്കി.



Be the first to comment