സംസ്ഥാനത്ത് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത്, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ അന്യായമായ വിവേചനം, വിദ്യാഭ്യാസ മേഖലയിലെ ഇരട്ട നീതി തുടങ്ങിയ വിഷയങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് അതീവ ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നുവെന്ന് ക്രൈസ്തവ സഭാ കൂട്ടായ്മ. തൃശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ മേഖലകളിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയില്‍ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി.
കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധയും അകല്‍ച്ചയും സൃഷ്ടിക്കപ്പെടുന്ന സമീപകാല സംഭവങ്ങളില്‍ ക്രൈസ്തവ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണം. പൊതുസമൂഹത്തിന് ക്രൈസ്തവ സമുദായം നല്‍കിയ മികച്ച സംഭാവനകളെ മനഃപൂര്‍വം തമസ്‌കരിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും, ന്യൂനപക്ഷാവകാശങ്ങളും ഹനിക്കപ്പെടുന്നതും, സമസ്ത മേഖലകളും കാവിവല്‍ക്കരിക്കപ്പെടുന്നതും നീതീകരിക്കാനാവില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ ആക്രമിക്കപ്പെടുന്നതും, ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുന്നതും അതീവ പ്രതിഷേധാര്‍ഹമാണ്.
വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളും വിശ്വാസ സമൂഹങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെയും, ഈ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടതിന്റെയും ആവശ്യകത സമ്മേളനം ഓര്‍മിപ്പിച്ചു. നിഖ്യ സൂനഹദോസിന്റെ 1700-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് തൃശ്ശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ മേഖലകളിലെ വിവിധ ക്രൈസ്തവ സഭാ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു യോഗം. തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് യോഗം ഉദ്ഘാടനം ചെയ്തു.
തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമീസ്, മാര്‍ ബോസ്‌കോ പുത്തൂര്‍, കല്‍ദായ സുറിയാനി സഭ വികാരി ജനറല്‍ ഫാദര്‍ ജോസ് വേങ്ങശ്ശേരി, ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധി ഫാ.സ്റ്റീഫന്‍ ജോര്‍ജ്, സിഎസ്‌ഐ സഭാപ്രതിനിധി ഫാദര്‍ ജോണ്‍സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ സ്വാഗതം ആശംസിച്ചു സീറോ മലബാര്‍ സഭ ഗള്‍ഫ് വിസിറ്റേറ്റര്‍ ഫാദര്‍ ജോളി വടക്കന്‍ നന്ദി പ്രകാശിപ്പിച്ചു. തൃശ്ശൂര്‍ അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ പ്രമേയം അവതരിപ്പിച്ചു.



Be the first to comment