വീഞ്ഞില്ലാതെ എന്ത് ക്രിസ്മസ്, വെറും മൂന്ന് ദിവസം കൊണ്ട് വൈൻ ഉണ്ടാക്കാം

വൈനില്ലാതെ ക്രിസ്മസ് ആഘോഷം പൂർത്തിയാകില്ല. അത്താഴ വിരുന്നിൽ അൽപം വൈൻ കൂടി ഉണ്ടാകുന്നത് ക്രിസ്മസ് വൈബിനും രുചിക്കും നല്ലതാണ്. വീഞ്ഞ് പഴകുന്തോറും വീര്യം കൂടുമെന്നാണ്. അതുകൊണ്ട് തന്നെ ദിവസങ്ങളുടെ പരിശ്രമമാണ് വൈൻ ഉണ്ടാക്കൽ. എന്നാൽ വെറും മൂന്ന് ദിവസം കൊണ്ട് ഒരു കിടിലൻ വൈൻ ഉണ്ടാക്കിയാലോ? ഇഞ്ചിയാണ് പ്രധാന ചേരുവ.

റെസിപ്പി ഇതാ:

ചേരുവകൾ

  • ഇഞ്ചി – 250 ഗ്രാം
  • പഞ്ചസാര – 13 ടേബിൾസ്പൂൺ
  • യീസ്റ്റ് – 1 ടേബിൾസ്പൂൺ
  • വെള്ളം – 1 ലിറ്റർ
  • ചൂടുവെള്ളം – 1 കപ്പ്
  • നാരങ്ങ – 1 എണ്ണം
  • ഏലയ്ക്ക – 4 എണ്ണം
  • ഗ്രാമ്പു – 6 എണ്ണം
  • വറ്റൽമുളക് – 8 എണ്ണം
  • കറുവപ്പട്ട – 1 ഇഞ്ച് കഷണം
  • ഉണക്ക മുന്തിരി – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

തൊലി നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിയ ഇഞ്ചി ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുത്ത ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂൺ പഞ്ചസാര, യീസ്റ്റ്, കുറച്ചു ഇളംചൂട് വെള്ളം എന്നിവ ചേർത്ത് ഒരു പാത്രത്തിൽ യീസ്റ്റ് പൊങ്ങാൻ വയ്ക്കുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര കരിച്ചെടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം, കറുവപ്പട്ട, ചതച്ച ഗ്രാമ്പൂ, ഏലയ്ക്കാ, ഉണക്കമുളക്, ഉണക്കമുന്തിരി, കുരുകളഞ്ഞ നാരങ്ങ, വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം ഇഞ്ചിനീര് കൂടി ചേർത്തു കൊടുത്തു കുറച്ചുസമയം തിളപ്പിക്കുക.

ചൂട് അല്പം കുറഞ്ഞ ശേഷം പൊന്തി വന്ന യീസ്റ്റ് ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം വൈൻ അടച്ചുവെച്ച് വെളിച്ചവും അനക്കവും തട്ടാതെ സൂക്ഷിക്കുക. പിറ്റേദിവസം അതേസമയം വൈൻ അരിച്ചെടുത്ത് വായുവും വെള്ളവും കടക്കാതെ കുപ്പിയിൽ അടച്ച് സൂക്ഷിക്കുക. അടുത്ത ദിവസം മുതൽ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ ഉപയോഗിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*