
ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം ‘ലോക’.
നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്സ്ഓഫീസിൽ കോടികൾ കൊയ്യുന്നതും അപൂർവ കാഴ്ചയാണ്. ഏകദേശം 30 കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. നസ്‌ലിൻ, സാൻഡി, ചന്തു സലിം കുമാർ, അരുൺ കുര്യൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗം തന്നെ വലിയ വിജയമായി മാറിയതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അതേസമയം കഴിഞ്ഞ ദിവസം ലോകയ്ക്കെതിരെ വിവാദവുമുയർന്നിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം പറയുന്നൊരു ഡയലോഗാണ് വിവാദമായി മാറിയിരിക്കുന്നത്. ബംഗളൂരുവിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ചിത്രത്തില്‍ സാന്‍ഡി അവതരിപ്പിച്ച നാച്ചിയപ്പ ഗൗഡയെന്ന പോലീസ് ഉദ്യോഗസ്ഥന്‍ തൻ്റെ അമ്മയോട് പറയുന്ന ഡയലോഗാണ് വിവാദമായിരിക്കുന്നത്.
താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നുമാണ് നാച്ചിയപ്പ അമ്മയോട് പറയുന്നത്. ഇത് ബംഗളൂരുവിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇതിന് പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാക്കളായ വേഫറെർ ഫിലിംസ് രംഗത്തെത്തിയിരുന്നു.
ചിത്രത്തിലെ ഒരു കഥാപാത്രം പറഞ്ഞൊരു ഡയലോഗ് ബോധപൂര്‍വ്വമല്ലെങ്കിലും, കര്‍ണാടകയിലെ ആളുകളെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇതെല്ലാം ചെയ്തത്. ചിത്രത്തിലെ ആ ഡയലോഗ് മ്യൂട്ട് ചെയ്യുകയോ സിനിമയില്‍ നിന്നും നീക്കം ചെയ്യുകയോ ചെയ്യുമെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Be the first to comment