
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ പ്രീമിയം ഇലക്ട്രിക് എംപിവി മോഡലായ ഇ-സ്‌പേസ്ടൂറർ ഇന്ത്യൻ വിപണിയിലേക്ക്. നിലവിൽ ടൊയോട്ട, കിയ, എംജി എന്നിവയുടെ എപിവി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. ഇതിലേക്ക് നാലാമനായി എത്താനൊരുങ്ങുകയാണ് സിട്രോൺ. സ്പേസ്ടൂററിന്റെ ഇലക്ട്രിക് മോഡലാണ് ഇന്ത്യയിലേക്ക് എത്തുക. വാഹനത്തിന്റെ നിർമാണം പൂർണമായും വിദേശത്തായിരിക്കും നടത്തുക.
ഇന്ത്യൻ വിപണിയിലേക്കെത്തുന്ന എംജി 9 എംപിവിയോട് രൂപസദൃശ്യത്തോടെയാണ് സിട്രോണിന്റെ പ്രീമിയം എംപിവി സ്പേസ് ടൂറർ എത്തുക. മെഴ്‌സിഡീസിന്റെ വി ക്ലാസിനോട് സമാനമായ ബോഡി ശൈലിയാണ് സ്പേസ്ടൂററിനും. 136 എച്ച്പി ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്ന 75kWh ബാറ്ററിയാണ് ഇതിൽ ഉള്ളത്. ഒറ്റ ചാർജിൽ 348 കിലോമീറ്റർ റേഞ്ച് സിട്രോൺ അവകാശപ്പെടുന്നു. 49kWh ബാറ്ററിയിൽ 320 കിലോമീറ്റർ വരെ റേഞ്ചും ഉള്ള ഒരു ഷോർട്ട് വീൽബേസ് പതിപ്പും ഇ-സ്‌പേസ്‌ടൂററിന് ലഭിക്കുന്നു. എന്നാൽ വലിയ ബാറ്ററിയുള്ള ലോംഗ് വീൽബേസ് വേരിയന്റ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.
മറ്റ് എംപിവിയുടെ പോലെതന്നെ സ്ലൈഡിങ് ഡോറിൽ തന്നെയാണ് ഇ-സ്പേസ്ടൂറർ എത്തുന്നത്. വിശാലമായ ക്യാബിനാണ് വാഹനത്തിന് ഉള്ളത്. രണ്ട് നിരയിലായിട്ടാണ് സീറ്റുകൾ എത്തുന്നത്. ഫോൾഡ് ചെയ്യാുന്ന ട്രേ ടേബിൾ, വെന്റിലേറ്റഡ് സീറ്റുകൾ, എന്റർടെയിൻമെന്റ് സ്‌ക്രീനുകൾ തുടങ്ങിയവ ഇന്റീരിയറിനെ മനോഹരമാക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഡംബര എംപിവി ശ്രേണി വളർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം ടൊയോട്ട ഇന്ത്യയിൽ വെൽഫയറിന്റെ 1,155 യൂണിറ്റുകൾ വിറ്റു. അതേസമയം, ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ കിയ കാർണിവൽ 967 യൂണിറ്റുകൾ വിറ്റഴിച്ചു. എം9 ഉപയോഗിച്ച് എംജി ഉടൻ തന്നെ ഈ നിരയിൽ ചേരുന്നതോടെ, ഈ സെഗ്മെന്റ് കൂടുതൽ ശക്തമാകും.
Be the first to comment