
മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ. സംഘടിച്ചെത്തിയ സിപിഐ പ്രവർത്തകർ ശ്രമം തടഞ്ഞതോടെ തർക്കമായി. ആലപ്പുഴ ചാരുംമൂട്ടിലെ വീടിനു മുന്നിലാണ് പ്രതിഷേധം. പ്രദേശത്ത് വൻ പൊലീസ് സന്നാഹം.
രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട പ്രതിഷേധം കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുകയാണ്. അതേസമയം, വിഷയത്തിൽ സിപിഐ പോരിനുറച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. എല്ലാ ബ്രാഞ്ചുകളിലും ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം സംഘടിപ്പിക്കും.
അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് ട്വന്റിഫോറിന് കിട്ടി. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമർശം. ആദ്യം അംഗീകരിച്ച മിനിട്സിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന ഉണ്ടായിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മിനിട്സ് മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാറ്റം സർക്കാർ പിന്തുടരുന്ന സാധാരണ നടപടി ക്രമങ്ങൾക്ക് വിരുദ്ധമെന്നും കൃഷി വകുപ്പ് ഗവർണറെ അറിയിച്ചു. രണ്ടാമത് നൽകിയ മിനിട്സിൽ പുഷ്പാർച്ചന കൂട്ടിച്ചേർക്കുകയായിരുന്നു. എന്നാൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിന്നോടുള്ള എതിർപ്പ് കത്തിൽ നേരിട്ട് പറയുന്നില്ല.
Be the first to comment