ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പ്രചാരണങ്ങളില്‍ വീഴരുത്; ജാഗ്രതാനിര്‍ദേശവുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന തെറ്റായ സോഷ്യല്‍ മീഡിയ അവകാശവാദങ്ങള്‍ക്കെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് സിബിഎസ്ഇ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് സിബിഎസ്ഇ അധികൃതര്‍ പറഞ്ഞു. യൂട്യൂബ്, ഫെയ്‌സ്ബുക്ക്, എക്‌സ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ന്നതായും ചോദ്യപേപ്പറിലേക്ക് ആക്‌സസ് ചെയ്യാമെന്നും പറഞ്ഞുള്ള തെറ്റായ പ്രചാരണങ്ങള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രചാരണങ്ങള്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ആരംഭിച്ച 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.

കുറ്റവാളികളെ തിരിച്ചറിയുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ബോര്‍ഡ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ചട്ടങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പ്രകാരം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി.

വെരിഫൈ ചെയ്യാത്ത വിവരങ്ങളുടെ പിന്നാലെ പോകരുതെന്നും വിശ്വസിക്കരുതെന്നും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പറഞ്ഞ് മനസിലാക്കണം. കാരണം ഇത് പരീക്ഷാ പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളുകളും കൃത്യമായ അപ്ഡേറ്റുകള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിനെയും മറ്റും നിയമപരമായ അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*