കാലിക്കറ്റ് സർവകലാശാലയിലെ ക്ലാസുകൾ 21 ന് പുനരാരംഭിക്കും

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും. കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് നൂറോളം യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെ തേഞ്ഞിപാലം പോലീസ് കേസ് എടുത്തിരുന്നു. സംഘർഷത്തിൽ ഒരു പോലീസുകാരന് കണ്ണിന് പരുക്കേറ്റിരുന്നു.

അതേസമയം, സർവകലാശാലയിൽ നടന്ന ഡിപ്പാർട്മെന്റ് യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ വൈസ് ചാൻസലർ ഡോ.പി. രവീന്ദ്രൻ ഉത്തരവിട്ടിരുന്നു. വി സിയുടെ നിർദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ സീനിയർ അധ്യാപകരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ വിസി നിയോഗിച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*