‘മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്, സിപിഐയെ മുഖ്യമന്ത്രി വിദഗ്ധമായി പറ്റിച്ചു’: വി. ഡി. സതീശൻ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.

പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോയെന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതി? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണെന്ന് സിപിഐ എങ്കിലും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ സിപിഐയേക്കാൾ സ്വാധീനം ബിജെപിക്കാണെന്ന് സംശയമില്ലാതെ തെളിഞ്ഞുവെന്നും വി. ഡി. സതീശൻ പറഞ്ഞു.

പിഎം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി.“ഇത് എന്തൊരു ഭരണമാണെന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹിക്കാനാകാതെ അതേ ചോദ്യം സിപിഐ ചോദിച്ചപ്പോൾ അതിന് ‘ഹ… ഹ… ഹ…’ എന്ന് പരിഹസിച്ച് ചിരിക്കുകയാണ് മറുപടി,” എന്നും വി. ഡി. സതീശൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*