അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കെതിരെ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിദാരിദ്ര്യ പദ്ധതി പാളിയെന്നും അതിനാല്‍ സര്‍ക്കാര്‍ അടുത്ത ഘട്ടവുമായി വരുന്നുവെന്നും ഒരു റിപ്പോര്‍ട്ട് വന്നിരുന്നുവെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാജന പദ്ധതി തുടര്‍ച്ചയായ പ്രക്രിയയാണ് അതിന്റെ രണ്ടാം ഘട്ടം മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍. നാടിനാകെ അഭിമാനമായ പദ്ധതിയെ കരിവാരിതേക്കുന്നത് എന്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
2022ന് ശേഷം ആരെങ്കിലും അതിദാരിദ്ര്യ അവസ്ഥയിലേക്ക് വീണുപോയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനാണ് രണ്ടാം ഘട്ടം. കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രണ്ടാംഘട്ടത്തിന്റെ പദ്ധതി രേഖയും പ്രകാശിപ്പിച്ചു. 63 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പത്രത്തിന്റെ ഈ പുതിയ കണ്ടെത്തല്‍. മറച്ച് പിടിക്കലും വ്യാജപ്രതീതി നിര്‍മാണവും എല്ലായിടത്തുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനത്തില്‍ ആസൂത്രണത്തിന്റേയും ആസൂത്രണ കമ്മീഷന്റേയും പ്രാധാന്യത്തെക്കുറിച്ചും ഇന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വികസനത്തിന് വ്യക്തമായ ദിശാബോധം നല്‍കിയിരുന്ന ആസൂത്രണ കമ്മീഷന്‍ 2015ല്‍ മോദി നിര്‍ത്തലാക്കി. ഇത് നിര്‍ത്താലക്കുക എന്നത് വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. കമ്മീഷന്‍ നിര്‍ത്തലാക്കല്‍ നയപരമായ മാറ്റത്തിന്റെ തുടക്കമായിരുന്നു.
എന്നാല്‍ ആസൂത്രണ ബോര്‍ഡ് നിലനിര്‍ത്തിയ കേരളത്തിന്റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് കണക്കുകള്‍ പിന്നീട് സാക്ഷ്യപ്പെടുത്തി. കേരളത്തിന്റെ മൂലധനചെലവ് 2017-22 കാലയളവില്‍ 7.5 ശതമാനമായി വര്‍ധിപ്പിച്ചു. പിന്നീടത് 8.2 ശതമാനമായി ഉയര്‍ന്നുവെന്നും കിഫ്ബി വഴിയുള്ള തുക കൂട്ടാതെയുള്ള കണക്കാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആസൂത്രണം ഒരു അനാവശ്യഭാരമാണ് എന്ന് കരുതുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Be the first to comment