ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷം നടത്തിയ സമരം കേരളത്തിൽ ഇതിനുമുമ്പ് ഈ രീതിയിൽ നടന്നിട്ടില്ല. പലതരത്തിലുള്ള പാർലമെന്ററി പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സ്പീക്കറെ സഭയുടെ ദൃശ്യത്തിൽ നിന്ന് മറച്ചുപിടിക്കുന്ന പ്രവർത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തുന്നതായി ഇതുവരെ കണ്ടിട്ടില്ല. അതിൽ നിന്നെല്ലാം വേറിട്ട നടപടി ഉണ്ടായപ്പോൾ സ്പീക്കർ സ്വീകരിച്ചത് അവരുമായി ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.
8:30ന് ഭരണപക്ഷത്തെ കക്ഷി നേതാക്കൾ എല്ലാം സ്പീക്കറുടെ അറിയിപ്പ് അനുസരിച്ച് എത്തി. അവിടെ എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. അപ്പോഴാണ് ഞങ്ങൾ പങ്കെടുക്കുന്നില്ല ബഹിഷ്കരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപക്ഷം ചർച്ചയ്ക്കുമില്ല സമവായത്തിന് തയ്യാറുമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്തിനാണ് അവർ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഏത് പ്രശ്നത്തിനും വിശദീകരണം നൽകാൻ തയ്യാർ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവർ ഇവിടെ ഉയർത്തിയ ചില ബാനറുകളിലും ബോർഡുകളിലും കാണാൻ കഴിഞ്ഞത് സഭയിൽ ഭയം എന്നാണ്. അത് അവർക്ക് സ്വയമേ തോന്നേണ്ടതാണ്. വിഷയങ്ങൾ ഉന്നയിക്കാൻ പല മാർഗങ്ങൾ ഉണ്ടല്ലോ. ചോദ്യോത്തര വേളയിൽ ഉന്നയിക്കാം സബ്മിഷൻ ആകാം ശ്രദ്ധ ക്ഷണിക്കൽ ആകാം പ്രതിപക്ഷ നേതാവിന്റെ പ്രത്യേക അവകാശം ഉപയോഗിച്ച് ഉന്നയിക്കാം. അങ്ങനെയുള്ള പല മാർഗങ്ങളും ഉണ്ടല്ലോ. ഒരു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാര്യങ്ങൾ അവർക്ക് വിഷമകരമായ രീതിയിൽ ഉയർന്നുവരും അതുകൊണ്ടാണ് ഉന്നയിക്കാതിരിക്കുന്നത്. മുഖമറ സൃഷ്ടിക്കാൻ എളുപ്പമാണ്. ഞങ്ങൾ ഒരു പുകമറയെയും ഭയപ്പെടുന്നില്ല. ഞങ്ങൾ ഒരുതരത്തിലുള്ള കുറ്റവാളികളെയും സംരക്ഷിക്കാൻ നിന്നിട്ടില്ല. മുഖം നോക്കാതെ നടപടിയെടുത്ത രീതിയും ശീലവും ആണ് ഞങ്ങൾക്കുള്ളത്. ശബരിമല വിഷയത്തിൽ ഹൈക്കോടതി പരിശോധന നടക്കുന്നു. അപ്പോൾ എന്താണ് അവരുടെ ഡിമാൻഡ്. ഒരു ബോർഡിൽ കണ്ടു സിബിഐ അന്വേഷണം വേണമെന്ന്. അതിന് പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപിയുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്. ഏതെങ്കിലും ഉത്തരവാദി ഉണ്ടെങ്കിൽ ആ ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പോകുന്നില്ല. അതെല്ലാം വന്നപ്പോൾ തങ്ങളുടെ കയ്യിൽ ഒന്നും പറയാനില്ല പിന്നെ ഇങ്ങനെയുള്ള ചില രീതികൾ കാണിക്കുക എന്നതാണ്. സാധാരണ നിലയിലുള്ള പാർലമെൻററി നടപടിക്രമം അറിയാത്തവരല്ല തങ്ങളൊന്നും അതൊരു ദൗർബല്യമായി പ്രതിപക്ഷം കാണുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



Be the first to comment