
79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പരിപാടികൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. മതവിദ്വേഷമില്ലാത്ത ഇന്ത്യ യാഥാർഥ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയ ശക്തികൾ ജാതിയും മതവും പറയുന്നുവെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഓപ്പറേഷൻ സിന്ധൂരിൽ വീര സൈനികർക്ക് മോദി ആദരം അർപ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകിയെന്നും, അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യദിനാഘോഷങ്ങളെ മുൻനിർത്തി രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലായിരുന്നു. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചു.
Be the first to comment