പോലീസുകാരുടെ പിരിച്ചുവിടൽ; മുഖ്യമന്ത്രി പറഞ്ഞ 144 പേരുടെ കണക്ക് പോലീസ് ആസ്ഥാനത്ത് ഇല്ല

പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ മുഖ്യമന്ത്രി പറഞ്ഞ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. 2016 ന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ് ആസ്ഥാനത്ത് ഉള്ളത്. പിരിച്ചുവിട്ടവരുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പോലീസ് ആസ്ഥാനത്തു നിന്നുള്ള മറുപടി.

2016 ന് ശേഷം 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് പക്ഷേ പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ല.. എത്ര പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു, 2016 ന് ശേഷം എത്ര പേരെ പിരിച്ചു വിട്ടു. പിരിച്ചുവിടാനുള്ള കാരണങ്ങൾ ഉൾപ്പെടെ ചോദിച്ച് വിവരാവകാശ നിയമപ്രകാരം പോലീസ് ആസ്ഥാനത്ത് അപേക്ഷ നൽകുന്നത് കഴിഞ്ഞമാസം പതിനെട്ടാം തീയതി.

കൃത്യം ഒരു മാസം പൂർത്തിയായപ്പോൾ മറുപടി ലഭിച്ചു.. ചോദ്യങ്ങളുടെ ഉത്തരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല.. എങ്കിലും ലഭ്യമായ കണക്ക് നൽകാം. അതായത് 2016 ന് ശേഷം അച്ചടക്ക നടപടി എടുത്ത് പിരിച്ചുവിട്ടതും നിർബന്ധിത വിരമിക്കൽ നൽകിയതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 14 പേർ മാത്രമാണ്.

വിവിധ വിഷയങ്ങളിലായി 31 പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിൽ ആണെന്നും പോലീസ് സംസ്ഥാനത്തെ മറുപടിയിൽ പറയുന്നു. ക്രോഡീകരിച്ചുള്ള മറുപടി നൽകാനായി വിവരാവകാശ ചോദ്യങ്ങൾ സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് വ്യാജമാണെന്ന് കാണിച്ച് മുൻ പ്രതിപക്ഷ നേതാവ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*