
മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു. യാത്ര വഴി ഓരോ വകുപ്പുകള്‍ക്കും ലഭിച്ച വിദേശനിക്ഷേപത്തിന്റെ കണക്കാണ് ശേഖരിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനും പ്രചരണത്തിന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നത്. തദ്ദേശ, നിമയസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 മുതല്‍ 2025വരെ നടത്തിയ വിദേശയാത്രയിലൂടെ സംസ്ഥാനത്തിന് ലഭിച്ച വിദേശനിക്ഷേപങ്ങളുടെ കണക്കാണെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ വിശദ വിവരങ്ങള്‍ കൈമാറണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിദേശയാത്ര പാഴ്‌ച്ചെലവാണെന്നും ധൂര്‍ത്താണെന്നുമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപത്തെ കണക്കുകള്‍ വച്ച് പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ അടക്കം ഉന്നയിച്ചിരുന്നു. 9 വര്‍ഷം മുഖ്യമന്ത്രി പല തവണയായി യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും സന്ദര്‍ശനം നടത്തിയത് വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള ഔദ്യോഗിക യാത്രകളാണെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.
Be the first to comment