ആലുവയില്‍ വെളിച്ചെണ്ണ മോഷണം; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ

വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ആലുവയില്‍ 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം. ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി വ്യാപാരസ്ഥാപനത്തില്‍ നിന്നാണ് കള്ളന്‍ വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കി കൊണ്ടുപോയത്. വെളിച്ചെണ്ണയ്ക്ക് പുറമെ ഒരു പെട്ടി ആപ്പിള്‍, 10 കവര്‍ പാല്‍ എന്നിവയും മോഷണം പോയി. 

കടയുടെ പിന്‍ഭാഗം കുഴിച്ച് കടയില്‍ കയറാനായിരുന്നു മോഷ്ടാവ് ആദ്യം ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പൂട്ട് തല്ലിപ്പൊളിച്ച് കടയ്ക്കുള്ളില്‍ കയറി. പിന്നീട് റാക്കില്‍ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്‌സില്‍ ഒന്ന് എടുത്തു കുടിച്ചു. ഇതിനുശേഷമാണ് കടയുടെ ഉള്ളില്‍ ഉണ്ടായിരുന്ന 30 കുപ്പി വെളിച്ചെണ്ണ കടയ്ക്കുള്ളില്‍ നിന്നു തന്നെ ചാക്ക് കൊണ്ടുവന്ന് എടുത്തത്. വെളിച്ചെണ്ണ ചാക്കില്‍ ആക്കി കഴിഞ്ഞപ്പോഴാണ് 10 കവര്‍ പാല് കൂടി എടുക്കാന്‍ തീരുമാനിച്ചത്. ഇതിനുപുറമേ, കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന ഒരു പെട്ടി ആപ്പിളും കൊണ്ടാണ് കള്ളന്‍ സ്ഥലംവിട്ടത്.

സംഭവത്തില്‍ കട ഉടമയുടെ പരാതി ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ആലുവ പൊലീസ് പറയുന്നത്. വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*