
സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഈ വര്‍ഷം നിയമിച്ച ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പരാതി. അധ്യാപകര്‍ക്ക് ശമ്പളത്തിനുള്ള അലോട്ട്‌മെന്റ് ധനകാര്യവകുപ്പ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്തെ 200ലധികം കോളേജുകളില്‍ 6,000 ത്തിനും 10000 ഇടയില്‍ ഗസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. 18,000 മുതല്‍ 25,000 വരെയാണ് ഓരോരുത്തരുടെയും ശമ്പളം. അതായത് അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ പത്തിലൊന്നും, അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പളത്തിന്റെ അഞ്ചില്‍ ഒന്നുമാണ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളമെന്നര്‍ത്ഥം. പക്ഷേ സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം നിയമിതരായ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കില്ലെന്നാണ് പരാതി.
ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ശമ്പളത്തിനായി ധനകാര്യ വകുപ്പ് അലോട്ട്‌മെന്റ് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. തുക അനുവദിക്കുന്നതിലെ നിയമ തടസ്സം മനസ്സിലാക്കി ഭൂരിഭാഗം ട്രഷറി ഓഫീസര്‍മാരും ശമ്പള ബില്ലുകള്‍ മടക്കി. ബില്ലുകള്‍ മടക്കാത്ത ട്രഷറി ഓഫീസര്‍മാര്‍ ഭാവിയില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നേക്കുമെന്ന ആശങ്കയിലുമാണ്. സ്‌കൂളുകളിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് അലോട്ട്‌മെന്റ് ഇല്ലാതെ തന്നെ ശമ്പളം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയപ്പോഴാണ് കോളേജ് ഗസ്റ്റ് അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത്. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്തത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടാണെന്നും ആക്ഷേപമുണ്ട്.
Be the first to comment