50 വയസിന് താഴെയുള്ളവരില്‍ വന്‍കുടല്‍ കാന്‍സര്‍ കേസുകള്‍ ഉയര്‍ന്നുവരുന്നു

മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന രോഗമായ വന്‍കുടല്‍ കാന്‍സര്‍(കൊളോറെക്റ്റല്‍ കാന്‍സര്‍) ഇന്ന് ചെറുപ്പക്കാരിലും ധാരാളമായി കണ്ടുവരുന്നത് ആശങ്കാജനകമായ കാര്യമാണ്. നമ്മുടെ ദൈനംദിന ശീലങ്ങളില്‍ നിന്നാണ് പലരും വന്‍കുടല്‍ കാന്‍സറിന് ഇരയാകുന്നതെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ പ്രത്യേകിച്ച് അള്‍ട്രാപ്രോസസ് ചെയ്ത ഭക്ഷണങ്ങളാണ് ഈ ആരോഗ്യ പ്രശ്‌നത്തിന് പിന്നിലെന്നതാണ് പ്രധാന കാരണം. ചിലതരം റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

മാസ് ജനറല്‍ ബ്രിഗാം അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സര്‍ വര്‍ധിച്ചുവരുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. 50 വയസിന് താഴെയുള്ള 30,000 സ്ത്രീകളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ (ഒരു ദിവസം ഏകദേശം 10 തവണ) കഴിക്കുന്ന സ്ത്രീകള്‍ക്ക് 45 ശതമാനം രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ചിലതരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

സംസ്‌കരിച്ച മാംസം(ഹോട്ട് ഡോഗ്, സോസേജ്, ബേക്കണ്‍)

സോസേജുകള്‍, ബേക്കണ്‍, ഹാം, ഉണക്കിയ മാംസങ്ങള്‍ എന്നിവ പോലെയുള്ള സംസ്‌കരിച്ച മാംസങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യതകള്‍ ഉളളത്. ഇവ ക്ലാസിക് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ്. ഇത്തരത്തിലുളള മാംസം കഴിക്കുന്നത് പുരുഷന്മാരില്‍ വന്‍കുടല്‍ കാന്‍സറിന് കൂടുതല്‍ കാരണമാകുന്നുവെന്ന് ഒരു യുഎസ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാംസങ്ങളില്‍ പലപ്പോഴും നൈട്രേറ്റുകള്‍ പോലെയുളള പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കുടലിന്റെ പാളിയില്‍ ഉണ്ടാകുന്ന വീക്കം, ഡിഎന്‍എയിലെ കേടുപാടുകള്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതും കാന്‍സര്‍ വികാസത്തിന് കാരണമാകും.

സോഡ, ജ്യൂസുകള്‍ പോലെയുള്ള മധുര പാനിയങ്ങള്‍

പഞ്ചസാര ചേര്‍ത്തുള്ള മധുരപാനീയങ്ങള്‍ വന്‍കുടല്‍ കാന്‍സറിന് സാധ്യതയുണ്ടാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. പ്രത്യേകിച്ച് പുരുഷന്മാരില്‍. ഇത്തരം പാനിയങ്ങള്‍ പൊണ്ണത്തടിക്കും ഉപാപചയ സമ്മര്‍ദ്ദത്തിനും കാരണമാകുന്നു. ഇവയില്‍ അടങ്ങിയ അഡിക്ടീവുകള്‍ കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ഫ്രോസണ്‍ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ്ഡുകളും

ഫ്രീസറില്‍ വച്ച ഭക്ഷണവസ്തുക്കളോ പിസ്സ, ബര്‍ഗറുകള്‍ മറ്റ് ഫാസ്റ്റ്ഫുഡ് ഇനങ്ങള്‍ പോലെയുള്ള ഷെല്‍ഫ് സ്റ്റേബിള്‍ ആയുളള ഭക്ഷണങ്ങള്‍ എന്നിവയില്‍ അനോരാഗ്യകരമായ കൊഴുപ്പുകള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, ഉപ്പ്, വിവിധ അഡിക്ടീവുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ വന്‍കുടല്‍ കാന്‍സറിന് കാരണമാകുന്നു.

പായ്ക്ക് ചെയ്ത ബ്രഡുകളും ബേക്കറി പലഹാരങ്ങളും

പാക്ക് ചെയ്തുവച്ച പല ബ്രഡ്ഡുകളിലും ബണ്ണുകളും വളരെ പ്രോസസ് ചെയ്തവയാണ്. അവയില്‍ എമല്‍സിഫയറുകള്‍, പ്രിസര്‍വേറ്റീവുകള്‍, റിഫൈന്‍ഡ് സ്റ്റാര്‍ച്ച് തുടങ്ങിയ അഡിക്ടീവുകള്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ബ്രഡുകളും ഒരുപോലെ ദോഷകരമല്ലെങ്കിലും അള്‍ട്രാ-പ്രോസസ്സ് ചെയ്തവയില്‍ കുടലിനെ ബുദ്ധിമുട്ടിക്കുന്നവയോ കുടല്‍വീക്കം വര്‍ധിപ്പിക്കുന്നതോ ആയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്, സൂപ്പുകള്‍, ലഘുഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് ഐസോലേറ്റുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് , പായ്ക്ക് ചെയ്ത സൂപ്പുകള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ്. ഇവയില്‍ ഹൈഡ്രജനേറ്റഡ് എണ്ണകള്‍, സ്റ്റാര്‍ച്ചുകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.

പായ്ക്കറ്റില്‍ വരുന്ന തൈര്, പാല്‍ ഉല്‍പ്പന്ന മധുരപലഹാരങ്ങള്‍

ടിന്നില്‍ വരുന്ന തൈര്, പാല്‍ ഉത്പന്നങ്ങള്‍ ചേര്‍ത്ത പുഡ്ഡിംഗ് പോലെയുള്ള മധുപലഹാരങ്ങള്‍ സ്ത്രീകളില്‍ വന്‍കുടല്‍ സാധ്യത ഉണ്ടാക്കുന്നതായി ചില പഠനങ്ങള്‍ കാണിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*