മുഖം കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

ചർമസംരക്ഷണത്തിൽ പ്രാധാന്യം മുഖത്തിനാണ്. എന്നാല്‍ വെള്ളമൊഴിച്ചു കഴുകുന്ന ലളിതമായ ശീലം പോലും ചിലപ്പോൾ മുഖ ചർമത്തെ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ചൂടുവെള്ളം ഉപയോഗിക്കുന്നത് മുതൽ അമിതമായി സ്‌ക്രബ് ചെയ്യുന്നത് പോലുള്ള ചെറിയ പിഴവുകൾ പോലും ചര്‍മത്തില്‍ വരൾച്ച, പൊട്ടൽ, പ്രകോപനം എന്നിവയ്ക്ക് കാരണമാകും. മുഖം വൃത്തിയാക്കുന്ന രീതിയില്‍ വലിയ പ്രാധാന്യമുണ്ട്.

മുഖം കഴുകുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

ബാക്ടീരിയ ബാധ

ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണ് നമ്മുടെ കൈകളില്‍ നിരന്തരം സമ്പര്‍ക്കംപുലര്‍ത്തുന്നത്. അതുകൊണ്ട് തന്നെ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ കൈകള്‍ വൃത്തിയുള്ളതായിരിക്കണം. പലർക്കും അവരുടെ കൈകളിൽ ബാക്ടീരിയ, അഴുക്ക്, എണ്ണ എന്നിവയുണ്ടെന്ന് മനസിലാക്കാറില്ല. ഇത് ഒഴിവാക്കുന്നതിന് മുഖത്ത് സ്പര്‍ശിക്കുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്.

പ്രകൃതിദത്ത എണ്ണ നീക്കം ചെയ്യരുത്

ചർമത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ ഏകദേശം 4.7 മുതൽ 5.75 വരെയാണ്. എന്നാല്‍ കഠിനമായ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് ഇതിന്‍റെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വരൾച്ച, പ്രകോപനം, പൊട്ടൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ചര്‍മത്തിന്‍റെ തരം അനുസരിച്ച് ക്ലെന്‍സര്‍ തിരഞ്ഞടുക്കേണ്ടത് പ്രധാനമാണ്.

മുഖം അമിതമായി വൃത്തിയാക്കരുത്

ചർമം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിതമായി വിയർക്കുകയോ കനത്ത മാലിന്യങ്ങൾ ഏൽക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ മുഖം വൃത്തിയാക്കേണ്ടതില്ല. അമിതമായി മുഖം കഴുകുന്നത് ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണ ഇല്ലാതാകാനും ഇത് വരള്‍ച്ച, മുഖക്കുരു എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ചൂടുവെള്ളം ഒഴിവാക്കുക

മുഖത്ത് ചൂടുവെള്ളം ഒഴിച്ചു കഴുകുന്നത് ചിലര്‍ക്ക് പതിവാണ്. ഇത് ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും വരൾച്ച,എക്സിമ പോലുള്ള അവസ്ഥകൾ വഷളാക്കുകയും ചെയ്യും. ചൂടുവെള്ളം ചർമത്തിന്റെ ലിപിഡ് ആവരണത്തെ നശിപ്പിക്കുകയും ഇത് ട്രാൻസ്‌എപിഡെർമൽ ജലനഷ്ടം വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*