ന്യൂഡല്‍ഹി: പുതിയ ഫോണുകളിൽ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.
‘മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്‌സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്‌സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാം.’- മന്ത്രി പറഞ്ഞു.
‘സഞ്ചാര്‍ സാഥിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണ്. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ല. നിങ്ങള്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് ചെയ്യരുത്. അത് നിശ്ചലമായി തുടരും. നിങ്ങള്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ചെയ്യുക. എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തട്ടിപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു ആപ്പ് ഉള്ള കാര്യം അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,’ -അദ്ദേഹം പറഞ്ഞു.
എതിര്‍പ്പുമായി കോണ്‍ഗ്രസും സിപിഎമ്മും
നേരത്തെ പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ഇത് പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവതരമായ കടന്നുകയറ്റമാണെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു. രാജ്യത്ത് നിരീക്ഷണത്തിന്റെ കരിമ്പടം പുതക്കാനുള്ള നീക്കമാണിത്. ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നത്.
ആത്യന്തികമായി കേന്ദ്രത്തിന്റെ ഈ നടപടിയിലൂടെ ബിഗ് ബ്രദര്‍ക്ക് നാട്ടിലെ ജനങ്ങളുടെ ഫോണ്‍ കാണാനും കേള്‍ക്കാനും അവസരം ഒരുക്കിയിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി തന്നെ നിഷ്‌കര്‍ഷിച്ച സ്വകാര്യത തത്വങ്ങള്‍ക്ക് പൂര്‍ണമായി കടക വിരുദ്ധമാണിത്. ഇത് അടിയന്തരമായി പിന്‍വലിക്കണം. പൗരന്റെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണിതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൗരന്മാരെ രഹസ്യമായി നിരീക്ഷിക്കാനുള്ള നീക്കമാണിതെന്ന് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു. രാജ്യത്ത് നിരീക്ഷണത്തിന്റെ കരിമ്പടം പുതക്കാനുള്ള മാര്‍ഗമായിട്ടാണ് ഇതിനെ കാണുന്നത്. ജനാധിപത്യത്തിന്റെ മാതാവ് എന്ന് ഒരുവഴിക്ക് വിശേഷിപ്പിക്കുകയും പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഇങ്ങനെ കടന്നുകയറുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സഞ്ചാര്‍ സാഥി അപകടകരമായ ഒരു ഉപാധിയാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന രീതി നിര്‍ബന്ധമാണ് എന്നാണ്. വിദേശത്ത് നിന്ന് ഒരാള്‍ ഒരു ഫോണ്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ അവരും ഇന്‍സ്റ്റാള്‍ ചെയ്യണം. 120 കോടിയോളം വരുന്ന ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ്. ഒരു കാരണവശാലും ഈ ആപ്പ് നീക്കം ചെയ്യാനും പാടില്ല. ഇത് ലംഘിക്കുകയാണെങ്കില്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനും സാധിക്കില്ല. ഇന്ത്യയെ ഒരു നിരീക്ഷണ രാഷ്ട്രമാക്കി മാറ്റുകയാണ്. സര്‍ക്കാരിന് നിരീക്ഷിക്കാനുള്ള ഒരു രാഷ്ട്രമാക്കി മാറ്റുകയാണെന്നും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.



Be the first to comment