‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി അതിജീവിത

പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി അതിജീവിത. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയാണ് പരാതി നല്‍കിയത്. ‌ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള പോലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി.

സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പോലീസില്‍ വിശ്വസിക്കുന്നുവെന്നും യുവതി പരാതിയിൽ‌ പറയുന്നു.

തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില്‍ സംശയവും പ്രകടിപ്പിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണം.

രാഹുലിനെതിരെ ഉയര്‍ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാദേവി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കിയത്.

പരാതിയുടെ പൂർണരൂപം

‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ല. ആര്‍. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിന്‍വലിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണം.

എന്റെ സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം വേണം. എന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുനന്തില്‍ ഞാന്‍ കേരള പോലീസില്‍ വിശ്വസിക്കുന്നു’.

വിശ്വസ്തതയോടെ അതിജീവിത.

Be the first to comment

Leave a Reply

Your email address will not be published.


*