‘ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിക്കാരുടെ സഹായികളായി എത്തുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’; കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എന്‍കെ മോഹന്‍ദാസ് ആണ് പരാതി നല്‍കിയത്. ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പുറത്താക്കപ്പെട്ടവരും വീണ്ടും മേല്‍ശാന്തിയുടെ സഹായിയായി എത്തുവെന്നും പരാതിയുണ്ട്. 

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിമാരുടെ നിയമനം ഒരു വര്‍ഷത്തേക്കാണെന്നിരിക്കെ ശാന്തിമാരുടെ ശിഷ്യന്മാരായിയിരിക്കുന്നവര്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പ്രവണതയാണ് നിലവിലുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൂടാതെ, തന്നെ മുന്‍വര്‍ഷങ്ങളില്‍ ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പിടിക്കപ്പെട്ട് പുറത്താക്കപ്പെട്ടവരെയും വീണ്ടും ക്ഷേത്രത്തില്‍ ശാന്തിപ്പണി ചെയ്യുന്നതായി കാണാന്‍ സാധിച്ചു. ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ ശാന്തിപ്പണിക്കുവരുന്നവര്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ക്ഷേത്രത്തില്‍ ശാന്തി പണിക്കായിട്ട് വരുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നുള്ളതും, ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും യാതൊരു രേഖകളും ഇല്ലാതെ ജോലി ചെയ്യാം എന്നുള്ളതുമായ പ്രവണതയാണ് നിലനില്‍ക്കുന്നത് – പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മേല്‍ശാന്തിമാരെ മാറ്റുന്നതുപോലെ തന്നെ മേല്‍ശാന്തിമാരുടെ ശിഷ്യന്മാരെയും, ഓരോ വര്‍ഷം കൂടുമ്പോള്‍ മാറ്റണമെന്നും, ക്ഷേത്രത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ശിഷ്യന്മാരായി / ജോലിക്കായി വരുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടാണ് പരാതി.

Be the first to comment

Leave a Reply

Your email address will not be published.


*