രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്, അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നല്‍കിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യം.

ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതില്‍ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇതിലൂടെ സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുകയും, മതവിഭജനവും വിദ്വേഷവും വളര്‍ത്തുകയും, തീവ്രവാദ ചിന്തകള്‍ക്ക് പരോക്ഷമായി പ്രചോദനം നല്‍കുന്നതാണെന്നും അനുതാജ് പരാതിയില്‍ പറയുന്നു.

ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*