കോഴിക്കോട്: കൊയിലാണ്ടിയില്‍ തിരുവങ്ങൂരില്‍ ദേശീയപാതാ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു. ക്രെയിനുപയോഗിച്ച് സ്ലാബ് ഉയര്‍ത്തുമ്പോള്‍ കയര്‍പൊട്ടിവീഴുകയായിരുന്നു. സര്‍വീസ് റോഡിലേക്കാണ് കോണ്‍ക്രീറ്റ് പാളി പതിച്ചത്. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്.
ഒന്നരമീറ്റര്‍ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇന്റര്‍ലോക്ക് രീതിയില്‍ അടുക്കിയാണ് മതില്‍ നിര്‍മിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടുകയായിരുന്നു. അപകട സമയത്ത് റോഡില്‍ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ഇതിന് മുമ്പ് മതില്‍ മുന്നോട്ട് തള്ളിവന്നതിനെ തുടര്‍ന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു. മതില്‍ നിര്‍മാണത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നതാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചു. സുരക്ഷ ഉറപ്പ് വരുത്തിയിട്ട് മാത്രം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അശാസ്ത്രീയമായ നിര്‍മാണം തുടര്‍ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Be the first to comment