അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച അലി ഖമനേയി വധിക്കപ്പെടുമ്പോള്‍…; ട്രംപ് നടപ്പാക്കിയത് താന്‍ ദീര്‍ഘകാലം പ്ലാന്‍ ചെയ്ത ഓപ്പറേഷന്‍

അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച, ട്രംപിന്റെ കണ്ണില്‍ ഏറെക്കാലം കരടായി നിന്ന നേതാവായ ആയത്തുള്ള അലി ഖമനേയി വധിക്കപ്പെടുമ്പോള്‍ ലോകത്തിനുണ്ടാകുന്ന നടുക്കവും അതുണ്ടാക്കിയേക്കുന്ന പ്രത്യാഘാതങ്ങളും നിസാരമല്ല. അമേരിക്കക്കെതിരായ ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ നേതാവാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.

അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ഖമനയി മടി കാണിക്കാറില്ല. ഇറാനെ ആക്രമിച്ചാല്‍ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനയിയെ അമേരിക്കക്ക് വന്‍ തലവേദനയുണ്ടാക്കിയിരുന്നു.

47 വര്‍ഷമായി അമേരിക്കയ്ക്ക് ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, നിങ്ങള്‍ക്ക് ഇനി ഒരിക്കലും അത് ചെയ്യാന്‍ കഴിയില്ല, അമേരിക്കയുടെ നിരന്തര ഭീഷണിക്കിടയിലും ഖമനയി നടത്തിയ പ്രസ്താവനയാണിത്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ മേഖലയിലെ ഇടപെടലുകള്‍, ഇറാനെതിരായ ഉപരോധങ്ങള്‍ എന്നിവയാണ് അമേരിക്കന്‍ വിരുദ്ധ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ ഖമനയിയെ പ്രേരിപ്പിച്ചിരുന്നത്.

ആണവ വിഷയം ഉയര്‍ത്തിക്കാണിച്ച് ആയത്തുള്ള അലി ഖമനയി അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്നത് അമേരിക്കയുടെ ഏറെക്കാലമായുള്ള ലക്ഷ്യമായിരുന്നു. പലസ്തീന്‍ പോലുള്ള രാജ്യങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ മൗനം പാലിച്ചപ്പോഴും ശക്തമായ നിലപാടാണ് ഖമനയി സ്വീകരിച്ചത്.

1953ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുസദിഖിനെ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് അട്ടിമറിച്ചതിന് ശേഷം മുഹമ്മദ് റെസ പഹ്ലവിയുടെ നേതൃത്തത്തിലുള്ള ഭരണകൂടമാണ് ഇറാനിലുണ്ടായത്. പാശ്ചാത്യശക്തികള്‍ക്ക് സ്വാധീനമുള്ള ഭരണകൂടമായിരുന്നു ഇത്.

1979 ലെ ഇസ്ലാമിക വിപ്ലവത്തോടെ ഇറാനില്‍ പുതിയ ഭരണകൂടമുണ്ടായി. ആയത്തുല്ല റൂഹുല്ല ഖൊമേനി ഭരണത്തിന് നേതൃത്വം നല്‍കി. അമേരിക്കയെ ‘ദി ഗ്രേറ്റ് സാത്താന്‍’ എന്നാണ് ഖൊമേനി അന്ന് വിശേഷിപ്പിച്ചത്. റുഹുള്ള ഖൊമേനിയുടെ പിന്‍ഗാമിയായാണ് 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമനയി എത്തുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ബാസിജ് അര്‍ദ്ധസൈനിക സേന എന്നിവയാണ് ഖമനയിയുടെ പ്രധാനശക്തി.

1939 ഏപ്രില്‍ 19 ന് ജനിച്ച് ഇറാനിലെ മഷ്ഹദിലും ഇറാഖിലെ നജാഫിലും ഖമനയി മത പരിശീലനം നേടി. ഇറാനിയന്‍ രാഷ്ട്രീയത്തില്‍ ലിബറല്‍ പരിഷ്‌കരണവാദം ഖമനയി അവതരിപ്പിച്ചു, 1981ല്‍ പള്ളിയില്‍ പ്രസംഗിക്കുന്നതിനിടെ അടുത്തുള്ള ടേപ്പ് റെക്കോര്‍ഡറില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വധശ്രമത്തിന് ഇരയായി. ഏകാധിപത്യ തീരുമാനങ്ങള്‍ കാരണം ഭരണകൂടത്തിനുള്ളില്‍ നിന്നും ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഖാംനഈ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടു.

മകന്‍ മോജ്തബ ഖമനയിയുടെ പിന്‍ഗാമിയാകുമെന്നാണ് സൂചന. എന്നാല്‍ മോജ്തബയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഗുരുതര ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത്. അധികാര കൈമാറ്റത്തിന് ശേഷം ഇറാന്‍ അമേരിക്കക്ക് മുന്നില്‍ മുട്ടുമടക്കിയേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതിലൂടെ അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്നാണ് ട്രംപിന്റെ വിശ്വാസം.

Be the first to comment

Leave a Reply

Your email address will not be published.


*