ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് പുതിയ തലത്തിലേക്ക്; ഐ പാകില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഇഡി; തടസ ഹര്‍ജിയുമായി തൃണമൂല്‍

ഐ പാകിലെ ഇഡി പരിശോധനയെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും തടസ്സ ഹര്‍ജിയുമായി ടിഎംസിയും സുപ്രീംകോടതിയെ സമീപിച്ചു. കേസ് നാളെ കോടതി പരിഗണിച്ചേക്കും. അതിനിടെ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായെന്ന പരാതിയില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പോര് കനക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഐ പാകിന് എതിരായ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു.

റെയ്ഡ് തടഞ്ഞ് രേഖകള്‍ കൈക്കലാക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഇഡിയുടെ ആവശ്യം. ടിഎംസിയുടെ അഴിമതികള്‍ പുറത്തുവരുന്ന ഭയത്തിലാണ് ഇഡിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തിയത് എന്ന് ബിജെപിയും വിമര്‍ശിച്ചു.

അതേസമയം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ അടിയന്തരമായി പരിഗണിക്കാത്ത സാഹചര്യത്തില്‍ ഇഡി സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ ടിഎംസി തടസ ഹര്‍ജി നല്‍കി. ഐപാക്ക് ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡ് ബിജെപിക്കെതിരെ മമതാ ബാനര്‍ജി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ ആയുധമാക്കിക്കഴിഞ്ഞു.

അതിനിടെ പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ ടിഎംസി പ്രവര്‍ത്തകര്‍ വാഹന വ്യൂഹം ആക്രമിച്ചെന്ന ആരോപണവുമായി ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രംഗത്തെത്തി. അര്‍ധരാത്രിയില്‍ ചന്ദ്രകോണ പോലീസ് സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*