ബ്യൂണസ് അയേഴ്‌സ്: ലിയോണല്‍ മെസ്സിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തില്‍ വീണ്ടും അനിശ്ചിതത്വം. നവംബറില്‍ അങ്കോളയില്‍ മാത്രമാണ് മത്സരമെന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കഴിഞ്ഞ ദിവസം അസോസിയേഷന്‍ പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളില്‍ കേരളമില്ല.
നവംബറില്‍ ഒറ്റ മത്സരം മാത്രമാണ് അര്‍ജന്‍റീനക്ക് ഉള്ളത്. ഇത് നവംബര്‍ 14നാണെന്നും അസോസിയേഷന്‍ പറഞ്ഞു. നവംബറില്‍ അര്‍ജന്‍റീന ആദ്യമെത്തുക സ്‌പെയിനിലേക്കാവും. അവിടെ ടീമിന് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയില്‍ വച്ച് സൗഹൃദ മത്സരം നടക്കും. തുടര്‍ന്ന് സ്‌പെയിനിലേക്ക് തിരിച്ചെത്തുന്ന ടീം നവംബര്‍ 18 വരെ പരിശീലനം തുടരും.

നവംബര്‍ 18 വരെയാണ് സൗഹൃദ മത്സരങ്ങള്‍ക്കായി ഫിഫയുടെ വിന്‍ഡോയുള്ളത്. ഇതോടെ ഈ വര്‍ഷം മെസ്സിപ്പട കേരളത്തില്‍ എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതേസമയം ഓസ്‌ട്രേലിയയും അവരുടെ നവംബറിലെ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. നവംബറില്‍ അര്‍ജന്‍റീനയും ഓസ്‌ട്രേലിയയും കൊച്ചിയില്‍ കളിക്കുമെന്നാണ് ടീമുകളെ കേരളത്തിലെത്തിക്കുമെന്ന് അവകാശപ്പെട്ടസ്‌പോണ്‍സര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ നവംബറില്‍ യുഎസിലേക്കാകും യാത്ര തിരിക്കുക. അവിടെ വെനസ്വേലക്കെതിരെ നവംബര്‍ 14നാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. രണ്ടാമത്തേത് 18ന് കൊളംബിയയ്‌ക്കെതിരെയും.

2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അര്‍ജന്‍റീന ടീമിനെ വരവേല്‍ക്കാന്‍ കൊച്ചി കലൂര്‍ സ്റ്റേഡിയമാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കൊച്ചി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്‌തിരുന്നു. കേരളത്തിലെത്തുന്ന ടീമിന്‍റെ വിവരങ്ങള്‍ സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസവും പങ്കിട്ടിരുന്നു. അതിന് പിന്നാലെയാണ് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍റെ നവംബറിലെ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നത്.



Be the first to comment