‘ചട്ടവിരുദ്ധം’; അവധിദിനത്തിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്, സ്പീക്കർക്ക് കത്ത് നൽകി

അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കുന്നതിനായി കേരളപിറവി ദിനത്തിൽ ചേരാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്. സമ്മേളനം ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കോൺഗ്രസ് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് കത്ത് നൽകി.

നിയമസഭാനടപടികൾക്കും കാര്യനിർവഹണം സംബന്ധിച്ച ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ എ പി അനിൽ കുമാർ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകിയത്. ചട്ടപ്രകാരം ശനി, ഞായർ, പൊതു അവധി ദിനങ്ങൾ എന്നിവയിൽ നിയമസഭാസമ്മേളനം നടത്താറില്ലെന്നും അത്തരമൊരു കീഴ്‌വഴക്കമില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

ഇത്തരം നടപടിക്കെതിരെ റൂളിങ് ഉണ്ടാകണമെന്നും കത്തിൽ പറയുന്നു.ശനിയാഴ്ചയായ നാളെ നിയമസഭാ സമ്മേളനം നടത്താനുള്ള തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു. അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കലിന്റെ ഭാഗമായി സഭയിൽ നാളെ മുഖ്യമന്ത്രി പ്രസ്താവന അവതരിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*