വികസന സദസ് സംഘടിപ്പിക്കാനുള്ള നീക്കം: ‘ ഭരണ പരാജയം മറയ്ക്കാനുള്ള പുകമറ’ : സണ്ണി ജോസഫ്

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡൻ്റ്  സണ്ണി ജോസഫ്. തട്ടിക്കൂട്ട് പരിപാടിയാണ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നത് എന്നാണ് വിമര്‍ശനം. കേരളത്തിന് ഒരു പ്രയോജനമുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം കോടികണക്കിന് രൂപ ചിലവഴിച്ച നവകേരള സദസിൻ്റെ അവസ്ഥ എന്താണെന്ന് ചോദിച്ചു. നവകേരള സദസിൻ്റെ ഭാഗമായി ഒരു പദ്ധതി പോലും കേരളത്തില്‍ നടപ്പിലായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പിരിവെടുത്തും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചും 2023ല്‍ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നല്ലോ. അതിന് എത്ര രൂപ ചിലവാക്കി. ആ യാത്രയുടെ പേര് തന്നെ നിങ്ങളും ഞാനും മുഖ്യമന്ത്രിയുമടക്കം മറന്നു പോയി. ഒരു സിങ്കില്‍ പൈസയുടെ പദ്ധതി അതിന്റെ പേരില്‍ നടപ്പിലാക്കിയിട്ടുണ്ടോ? ഒരു കടുക് മണിയുടെ നേട്ടം കേരളത്തിന് ഉണ്ടായിട്ടുണ്ടോ? രണ്ടാമത് മുഖ്യമന്ത്രി വീണ്ടുമൊരു ജനസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നല്ലോ. ഇതൊരു തട്ടിപ്പാണ്. ജനങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കലാണ്. ഇതാണോ വികസനം. ഒരു പഞ്ചായത്തിൻ്റെ കാലാവധി തീര്‍ന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഈ സര്‍ക്കാരിൻ്റെയും അവരുടെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങള്‍ കാത്തിരിക്കുകയാണ്. അതിനെ എന്തെങ്കിലും പുകമറ കൊണ്ട് തടയാമെന്നത് നടക്കില്ല- സണ്ണി ജോസഫ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*