തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി കോൺഗ്രസ്. 15 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷജീർ നേമം ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ ആദ്യഘട്ട സ്ഥാനാർത്ഥികളെ നേരത്തെ തന്നെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് ആദ്യം പുറത്തിറക്കിയത്.
രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതോടെ കോൺഗ്രസിന് 63 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളായി. ജി രവീന്ദ്രൻ നായർ(സൈനിക സ്‌കൂൾ), പിആർ പ്രദീപ്(ഞാണ്ടൂർകോണം), കെ ശൈലജ(ചെമ്പഴന്തി), വനജ രാജേന്ദ്രബാബു(മണ്ണന്തല), മണ്ണാമൂല രാജേഷ്(തുരുത്തുമ്മുല), വി മോഹനൻ തമ്പി(വലിയവിള), നേമം ഷജീർ(നേമം), ജി പത്മകുമാർ(മേലാംകോട്), ശ്രുതി എശ്(കാലടി), ഹേമ സിഎസ്(കരുമം), ഐ രഞ്ജിനി(വെള്ളാർ), രേഷ്മ യുഎസ്(കളിപ്പാൻകുളം), എ ബിനുകുമാർ(കമലേശ്വരം), കെഎസ് ജയകുമാരൻ(ചെറുവയ്ക്കൽ), വിജി പ്രവീണ സുനിൽ(അലത്തറ)) എന്നിവരാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
നഗരത്തിൻ്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയാണ് യു ഡി എഫ് ലക്ഷ്യം. 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിൽ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും പിന്നിലാണ് കോൺഗ്രസ്. സ്ഥാനത്തുള്ള കോൺഗ്രസിൻറെ നിലമെച്ചപ്പെടുത്തുകയാണ് കെഎസ് ശബരിനാഥന്റെ സ്ഥാനാർഥിത്വത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
100 വാർഡുകളുള്ള കോർപ്പറേഷനിൽ 51 സീറ്റുകളാണ് എൽഡിഎഫിനുള്ളത്. ബിജെപിക്ക് 34 അംഗങ്ങൾ. 10 ഇടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചത്. ഇതിൽ എട്ടെണ്ണമാണ് കോൺഗ്രസിൻറെ സീറ്റുകൾ. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പിൽ 51 വനിതാ സംവരണ വാർഡുകളാണ് കോർപറേഷനിലുള്ളത്. അഞ്ച് വാർഡുകൾ പട്ടികജാതി സ്ത്രീ സംവരണവും നാല് വാർഡുകൾ പട്ടികജാതി സംവരണവുമാണ്.



Be the first to comment