തിരുവനന്തപുരം: സ്വർണക്കൊള്ള ആരോപണം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും ഭരണത്തുടർച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . എൽഡിഎഫ് ലക്ഷ്യം വെക്കുന്നത് വികസനവും ജനക്ഷേമവുമാണ്. പുരോഗതിയുടെ അടുത്ത തലത്തിലേയ്ക്ക് കേരളത്തെ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഡീൽ മൂലമാണ്. ഇടത് മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.
പത്തുവർഷം മുമ്പത്തെ യുഡിഎഫ് സർക്കാരിന്‍റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങൾ പോലും വിതരണം ചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്തം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ പടക്കം പൊട്ടിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസുകാർ. കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ നടപടികൾ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയായി. ഡൽഹിയിൽ ബിജെപിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി-ടീം ആയി കോൺഗ്രസ് അധഃപതിച്ചു. സമാന കാഴ്ചയാണ് ഹരിയാനയിലേതും ബിഹാറിലേതുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.



Be the first to comment