തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാട്ടുരാക്കൽ ഡിവിഷൻ സീറ്റിനെ ചൊല്ലി തർക്കവും രൂക്ഷമാണ്. ലാലി ജെയിംസ്, ശാരദാ മുരളീധരൻ, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് നേരിടുന്നതിൽ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്.

ഗ്രൂപ്പ് തർക്കം നിലനിൽക്കുന്നതിനാൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിക്കണമോയെന്ന തീരുമാനം കെപിസിസിക്ക് വിട്ടു. ആകെ 56 സീറ്റിൽ കോൺഗ്രസ് മത്സരിക്കുക 52 സീറ്റുകളിൽ ആണ്. രണ്ടു സീറ്റുകളിൽ മുസ്ലിം ലീഗും രണ്ട് സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. പാട്ടുരാക്കൽ ഡിവിഷനിൽ പ്രതിപക്ഷ ഉപ നേതാവ് ജോൺ ഡാനിയേലിനെയാണ് നേതൃത്വം പരിഗണിക്കുന്നത്.

എന്നാൽ സീറ്റിൽ അവകാശവാദവുമായി കുട്ടൻകുളങ്ങര കൗൺസിലർ എ കെ സുരേഷും രംഗത്തെത്തിയത് തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സീറ്റ് കിട്ടിയില്ലെങ്കിൽ സുരേഷ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*