ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിയത് 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍; വിജിലന്‍സ് അന്വേഷിക്കും

ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാജു അതിദരിദ്രരുടെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ തട്ടിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും എഫ്ഐആർ ഇടുക. പൊതുമുതല്‍ അപഹരണം ആയതിനാലാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.

അതിദാരിദ്ര്യനിര്‍മ്മാര്‍ജനപദ്ധതിയുടെ ഭാഗമായുളള 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ സാജു തട്ടിയെന്നാണ് കണ്ടെത്തല്‍. പരാതിക്കാരനായ ഗുണഭോക്താവിന്റെ മൊഴിയെടുത്തു. ചേര്‍ത്തല നഗരസഭ ഇരുപത്തിയഞ്ചാം വാര്‍ഡിലെ കൗണ്‍സിലറാണ് എംഎം സാജു. സി വി ആനന്ദകുമാര്‍ എന്ന ഗുണഭോക്താവായിരുന്നു പരാതി നല്‍കിയത്.

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട സി വി ആനന്ദകുമാറിന് സിവില്‍ സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എല്ലാ മാസവും 500 രൂപയുടെ കൂപ്പണായിരുന്നു നഗരസഭ കൗണ്‍സിലറെ ഏല്‍പ്പിച്ചത്. ഇത് വാര്‍ഡിലെ കഷ്ടത അനുഭവിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് സാജുവിന്റെ വിശദീകരണം.

നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഗുണഭോക്താവിന്റെ പരാതി നഗരസഭ പോലീസിന് കൈമാറുകയായിരുന്നു. ഇതേ വാര്‍ഡിലെ മറ്റൊരു സ്ത്രീയുടെ ഭക്ഷ്യക്കൂപ്പണും സാജു തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*