ഒരു വർഗീയ സംഘടനയുമായി ഒത്തുചേർന്നു പോകുന്ന സ്വഭാവം കോൺഗ്രസിന് ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എല്ലാ സമുദായ സംഘടനകളോടും ആശയവിനിമയം നടത്തും. വിദ്വേഷം വളർത്താൻ ആര് ശ്രമിച്ചാലും അതിനൊപ്പം കോൺഗ്രസ് ഉണ്ടാകില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിൽ സർക്കാർ എസ്ഐടിയെ സമ്മർദത്തിലാക്കുകയാണെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. സർക്കാരിന് ധാർമ്മികമായി തുടരാൻ അവകാശമില്ല. കോടതി നിരീക്ഷണത്തോടെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. ഒരു അന്വേഷണത്തിനും കോൺഗ്രസ് എതിരല്ലെന്ന് അദേഹം വ്യക്തമാക്കി.
സജി ചെറിയാനെ മന്ത്രി പദത്തിൽ തുടരാൻ അർഹനല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മത തീവ്രവാദികൾ പോലും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. സജി ചെറിയാൻ്റെ പ്രസ്താവന സാമൂഹ്യ അന്തരീക്ഷത്തെ തകർക്കുന്ന വൈകൃതം നിറഞ്ഞതെന്നും കെസി വേണുഗോപാൽ എംപി
നയ പ്രഖ്യാപന പ്രസംഗത്തിൽ ചില കാര്യങ്ങൾ ഗവർണർ വിട്ടു കളഞ്ഞെന്ന മുഖ്യമന്ത്രിയുടെ വാദം ഇലക്ഷൻ സ്പോൺസേർഡ് ഡ്രാമയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ്റെ കാലത്ത് ഇതിനേക്കാൾ വലിയ വെട്ടൽ നടന്ന കാലത്ത് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഇന്ന് ഗവർണർക്കെതിരെ മുഖ്യമന്ത്രി പറയുന്നത് അന്തർധാരയുടെ ഭാഗമാണ്. മുൻപ് വെട്ടിയപ്പോൾ മിണ്ടാതിരുന്നവർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു.



Be the first to comment