കലൂർ സ്റ്റേഡിയം കൈമാറ്റം; ‘പൊതുസ്വത്ത് കയ്യേറി അനധികൃത നിർമ്മാണം നടത്തി’; പരാതി നൽകി കോൺഗ്രസ്

കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ ജിസിഡിഎ ചെയർമാനും സ്പോൺസർക്കുമെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പൊതുസ്വത്ത് കയ്യേറി അനധികൃത നിർമ്മാണം നടത്തിയെന്നാണ് പരാതി. സ്‌റ്റേഡിയം കൈമാറ്റത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കൃത്യമായ രേഖകളില്ലാതെയാണ് സ്റ്റേഡിയം കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് പരാതിയുമായി കോണ്‍ഗ്രസ് പോലീസിനെ സമീപിച്ചിരിക്കുന്നത്. വിശദമായ പരാതിയാണ് മുഹമ്മദ് ഷിയാസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുന്നത്. ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയിൽ തുടർ നടപടിയുണ്ടാകണമെന്നാണ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരിക്കുന്നത്.

അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ  പുറത്തുവിട്ടിരുന്നു. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. നവംബർ 17ന് ടീം അർജന്‍റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി.

അതേസമയം സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിഷയം പ്രചാരണായുധമാക്കും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം വളഞ്ഞ വഴിയിൽ കൈമാറാൻ ശ്രമിച്ചു എന്നതും പ്രചരണ വിഷയമാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*