‘അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത്’; സാമൂഹിക മാധ്യമ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

‘അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത്’ സാമൂഹിക മാധ്യമത്തില്‍ പ്രചാരണവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടയുള്ള സാമൂഹിക മാധ്യമങ്ങളിലെ കവര്‍ പേജ് മാറ്റി നേതാക്കന്‍മാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ കവര്‍ പേജ് ഷെയര്‍ ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സജീവ ചര്‍ച്ച തുടരുന്നത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ തിരികെ സ്വര്‍ണക്കൊള്ളയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നേതാക്കന്‍മാരുടെ പുതിയ ക്യാംപെയ്ന്‍.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് വാര്‍ത്താസമ്മേളനത്തിനിടെ ആരോപിച്ചിരുന്നു തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എ പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*