തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച തന്നെ അനാവശ്യമാണ്. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുന്നത് പരിഗണിക്കുന്നുവെന്നു പറയുമ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഇല്ലല്ലോ. പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോയെന്നും മുരളീധരന്‍ പറഞ്ഞു. ലൈംഗിക പീഡന പരാതികളെത്തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന് സിപിഎം 50 ലക്ഷം രൂപ കോഴ കൊടുത്തതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ഒരു ബ്ലോക്ക് പ്രസിഡന്റ് പോയാല്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നം. വെറുതെ 50 ലക്ഷം രൂപയൊക്കെ കൊടുക്കണമായിരുന്നോ. അത് ഏതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കാമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഇപ്പോള്‍ നല്ല ഐക്യത്തിലാണെന്നും, കോണ്‍ഗ്രസും ലീഗും തമ്മില്‍ സീറ്റു തര്‍ക്കം ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.



Be the first to comment