‘പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം; മുഖ്യമന്ത്രി ചുട്ട മറുപടി നൽകണമായിരുന്നു’; കെ സി വേണുഗോപാൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിലെ പ്രസംഗത്തിനെതിരെ കോൺഗ്രസ്. ചടങ്ങിൽ മോദി രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു.
പാകിസ്താന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. ഉറക്കം കെടാൻ പോകുന്നത് മോദിയുടേതാണ്. പ്രധാനമന്ത്രി ഈ നിലയിൽ രാഷ്ട്രീയ പ്രസംഗം നടത്തുമ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നൽകിയില്ല. അദ്ദേഹം ചുട്ട മറുപടി നൽകണമായിരുന്നു, കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

അദാനിയെ എതിർക്കുന്ന രാഹുൽ ഗാന്ധിയെ മോദി വിമർശിക്കാതിരിക്കുന്നത് എങ്ങനെയെയാണ്. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു പോയി. പാർട്ടിയോട് ആലോചിച്ചാണ്‌ പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. എം പി യും ,എംഎൽഎ യും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണ്. ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചത് തുടക്കത്തിൽ തന്നെ പരിപാടിയുടെ അന്തസ്സ് ഇല്ലാതാക്കിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരം എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര എക്സിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുന്ന സമയത്ത് പ്രധാനമന്ത്രി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണ്. ശത്രുക്കൾ ചിരിക്കുന്നുണ്ടാകണം എന്നും പവൻ ഖേര എക്സിൽ കുറിച്ചു. വിഴിഞ്ഞത്ത് ഇന്ന് നടന്നത് രാഷ്ട്രീയ പ്രസംഗമായിരുന്നുവെന്നും പരിപാടിയുടെ അവസാനം ദേശീയഗാനം പോലും ആലപിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയഗാനം ഉണ്ടാവാത്തത് പരിപാടിയുടെ ശോഭ കെടുത്തിയെന്നും വിമർശനമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*