ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത്, തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിയുക്തമായിരുന്നില്ല: രാഹുല്‍ ഗാന്ധി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അത്ഭുതപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തുടക്കം മുതല്‍ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു ബിഹാറില്‍ നടന്നത്. പാര്‍ട്ടിയും മുന്നണിയും നേരിട്ട വലിയ തിരിച്ചടി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ്  പ്രതികരിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്ന മഹാസഖ്യത്തില്‍ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായുള്ള പോരാട്ടമായിരുന്നു ബിഹാറില്‍ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യാ സഖ്യവും ആഴത്തില്‍ പഠിക്കും. ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി പോസ്റ്റില്‍ പ്രതികരിച്ചു.

അതിനിടെ, ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിന് പിന്നാലെയാണ് രാഗുല്‍ ഗാന്ധിയുടെ പോസ്റ്റ്. ബിജെപി ഒരു തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റ് ആറ് തെരഞ്ഞെടുപ്പിലും കൂടി കോണ്‍ഗ്രസ് നേടിയില്ലെന്നുള്‍പ്പെടെ മോദി പരിഹസിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ ആദര്‍ശം നെഗറ്റീവ് പൊളിറ്റിക്‌സാണ്. ഇവിഎമ്മിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലീം ലീഗ്, മാവോവാദി കോണ്‍ഗ്രസ് ആയി മാറിയെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികള്‍ക്ക് ബാധ്യതയാണെന്നും മോദി ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*