ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം; കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍: എസ്‌ഐടിക്ക് ചെന്നിത്തലയുടെ കത്ത്

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കൊള്ളക്കടത്തു സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്തു നല്‍കി. പുരാവസ്തു കള്ളക്കടത്തു സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല കത്തില്‍ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയില്‍ 500 കോടിയുടെ ഇടപാടു നടന്നു. ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കാം. ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യസംഘാടകര്‍ ഇപ്പോഴും പുറത്തുതന്നെയാണെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. എസ്‌ഐടിയുടെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് കത്തു നല്‍കിയത്.

ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണപ്പാളികള്‍ രാജ്യത്തിനു വെളിയില്‍ പോയിട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണപ്പാളികള്‍ എസ്‌ഐടിക്ക് കണ്ടെത്താന്‍ കഴിയാത്തത്. തനിക്കു ലഭിച്ച വിവരങ്ങള്‍ സ്വന്തം നിലയ്ക്ക് കൂടി അന്വേഷിച്ച് വസ്തുതയാണെന്ന് ബോധ്യപ്പെട്ടു. തനിക്ക് വിവരം നല്‍കിയ ആളെ എസ്‌ഐടിയുടെ അന്വേഷണവുമായി സഹകരിപ്പിക്കാം. കോടതിയില്‍ മൊഴി നല്‍കാനും താന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയില്‍ ചില വലിയ വ്യവസായികള്‍ക്കും പങ്കുണ്ട്. ചില റാക്കറ്റുകളും ഈ കൊള്ളയില്‍ സഹകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ കൂട്ടുപ്രതികള്‍ മാത്രമാണ്. മുഖ്യപ്രതികള്‍ ഇപ്പോഴും അന്വേഷണത്തിനും വെളിയിലാണ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ മധ്യത്തില്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും രമേശ് ചെന്നിത്തല എസ്‌ഐടിയെ അറിയിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാരെ മുഴുവന്‍ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വര്‍ണം വിഴുങ്ങാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകള്‍ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*