
തിരുവനന്തപുരം: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്ര സര്‍ക്കാരിന്റെ സമയോചിതവും അനിവാര്യവുമായ നടപടിയാണിതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. അമേരിക്ക അടക്കമുള്ള ശക്തികളില്‍ നിന്നും നേരിടുന്ന വിവിധ തലത്തിലുള്ള സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും തരൂര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍, ചൈനയുമായി നയതന്ത്രപരമായി ഇടപഴകാനുള്ള സര്‍ക്കാരിന്റെ തീരുമാനം വളരെ പ്രധാനമാണ്. ബെയ്ജിങ്ങുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തും. യുഎസിനെയും ചൈനയെയും ഒരേ സമയം അകറ്റി നിര്‍ത്തുന്നത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
റഷ്യയുമായുള്ള ബന്ധം ഇന്ത്യയുടെ വിദേശനയത്തിലെ ഒരു സുപ്രധാന സ്തംഭമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തികളുമായി ഇന്ത്യ ക്രിയാത്മക ബന്ധം നിലനിര്‍ത്തുന്ന ഒരു സന്തുലിത സമീപനം സ്വീകരിക്കുന്നത് നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനയുമായുള്ള ചര്‍ച്ചകളെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ഗാല്‍വന്‍ ഏറ്റുമുട്ടല്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനു മുന്നില്‍ ഭീരുവിനെപ്പോലെ മോദി താണുവണങ്ങി നിന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പരിഹസിച്ചു. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ‘ന്യൂ നോര്‍മലി’നെ ചൈനയുടെ ഭീഷണിയായും മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയുമായാണ് കാണേണ്ടതെന്ന് ജയ്‌റാം രമേശ് വിമര്‍ശിച്ചു.
Be the first to comment