
തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും വേണ്ടെന്ന് തരൂര്‍, കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി പദവിയിലേക്ക് ഉള്‍പ്പെടെ തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണിത്. ബിജെപിയില്‍ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നാണ് തരൂരിന്റെ നിലപാട്. ഇക്കാര്യം ബിജെപി തരൂരുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ച ദൂതനോട് ഉള്‍പ്പെടെ തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന കേശവദേവ് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിന് ശേഷം നടത്തിയ പ്രതികരണത്തിലും തരൂര്‍ ഉപരാഷ്ട്രപതി സ്ഥാനാർഥി അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തില്‍ നിന്നും തരൂര്‍ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഇന്നലെ കോട്ടയത്ത് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം തരൂര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തരൂരിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്നും, മറ്റേതെങ്കിലും ബില്ലിന്മേല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും ശശി തരൂര്‍ അറിയിച്ചതായാണ് വിവരം.
കോണ്‍ഗ്രസിനോട് ഇടഞ്ഞ തരൂരിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബിജെപി സജീവമായി തന്നെ ശ്രമിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപരാഷ്ട്രപതി സ്ഥാനം അല്ലെങ്കില്‍ ക്യാബിനറ്റില്‍ സുപ്രധാന പദവി തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി തരൂരിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ബിജെപിയില്‍ പ്രാഥമിക അംഗത്വം എടുക്കണം വ്യവസ്ഥയിലാണ് ചര്‍ച്ചകള്‍ വഴിമാറിയതെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തരൂരിന്റെ ബിജെപി, മോദി അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് പരിപാടികളില്‍ നിന്നുള്‍പ്പെട് തരൂരിനെ മാറ്റി നിര്‍ത്തിയിരുന്നു. തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പരസ്യമായി നിലപാടെടുത്തതതോടെയാണ് ബിജെപി തരൂരിനെ ഒപ്പം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്.
Be the first to comment