
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ഇത് മനുഷ്യത്വത്തില്‍ നിന്നും ധാര്‍മ്മികതയില്‍ നിന്നുമുള്ള പിന്‍വാങ്ങലാണെന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. നിശബ്ദത നിഷ്പക്ഷതയല്ല, മറിച്ച് കുറ്റകൃത്യത്തില്‍ പങ്കാളിത്തമാണ്. സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ നിശബ്ദത, പലസ്തീനോടുള്ള നിസ്സംഗത’ എന്ന തലക്കെട്ടില്‍ ദ ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍, സ്വാതന്ത്ര്യത്തിനും മനുഷ്യൻ്റെ അന്തസ്സിനും വേണ്ടി ഒരുകാലത്ത് അചഞ്ചലമായി നിലകൊണ്ട ഇന്ത്യയുടെ ശബ്ദം ഇന്ന് നിശബ്ദമായിരിക്കുന്നു. ഈ വിഷയത്തില്‍ ഇന്ത്യ അതിൻ്റെ ചരിത്രപരമായ നേതൃത്വം വീണ്ടെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
വ്യക്തിഗത സൗഹൃദങ്ങളേക്കാള്‍ സര്‍ക്കാരിൻ്റെ ഉത്തരവാദിത്തങ്ങള്‍ ഉയരേണ്ടതുണ്ട്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താല്‍പര്യങ്ങളോ അല്ല, മറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നരേന്ദ്രമോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കുന്നത്. നീതി, മനുഷ്യാവകാശങ്ങള്‍, അന്താരാഷ്ട്ര നിയമം എന്നിവയോടുള്ള പ്രതിബദ്ധത സര്‍ക്കാര്‍ വീണ്ടും ഉറപ്പിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
ഈ നയതന്ത്ര ശൈലി അംഗീകരിക്കാന്‍ കഴിയാത്തതും വിദേശനയം എന്നു വിളിക്കാന്‍ പറ്റാത്തതുമാണ്. 17,000 കുട്ടികള്‍ ഉള്‍പ്പെടെ 55,000-ത്തിലധികം പലസ്തീനികള്‍ ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനെ വംശഹത്യ എന്നല്ലാതെ വിളിക്കാനാവില്ല. അവിടേക്കുള്ള സഹായം പോലും ഇസ്രയേല്‍ മനഃപൂര്‍വം തടയുന്നു. ലോകം പോലും വളരെ മന്ദഗതിയിലാണ് പ്രതികരിക്കുന്നത്. ഇത് ഇസ്രയേലിൻ്റെ ആക്രമണങ്ങളെ സാധൂകരിക്കാനേ ഉപകരിക്കൂ. പലസ്തീനോട് ചരിത്രപരമായ സഹാനുഭൂതി പുലര്‍ത്താന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. സോണിയാഗാന്ധി അഭിപ്രായപ്പെട്ടു.
Be the first to comment