ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ തുടരും. കോണ്‍ഗ്രസിന് അനുവദിച്ച അധ്യക്ഷ സ്ഥാനത്തേക്കാണ് വീണ്ടും ചുമതല നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായ സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ലമെന്റിന്റെ 24 സ്ഥിരം സമിതികളും പുനഃസംഘടിപ്പിച്ചപ്പോള്‍ എല്ലാ കമ്മിറ്റികളുടെയും തലവന്മാര്‍ മാറ്റമില്ലാതെ തുടരും.
ഓപ്പറേഷന്‍ സിന്ദൂര്‍, പ്രധാനമന്ത്രിക്ക് നിരന്തമായ പ്രശംസ തുടങ്ങി അടുത്തിടെ കോണ്‍ഗ്രസിനെ പലതവണ പ്രതിസന്ധിയിലാക്കിയിട്ടുള്ള ശശി തരൂരിനെ സുപ്രധാന ചുമതലയില്‍ വീണ്ടും നിയോഗിച്ചു എന്നതാണ് തീരുമാനങ്ങളിലെ പ്രത്യേകത. തരൂരിനു പുറമേ ദിഗ്‌വിജയ് സിങ് (വിദ്യാഭ്യാസം), ചരണ്‍ജിത് സിങ് ഛന്നി (കൃഷി), സപ്തഗിരി ഉലാക (ഗ്രാമവികസനം) എന്നിവരെയും കോണ്‍ഗ്രസ് നിലനിര്‍ത്തി. ഡിഎംകെ എംപി കനിമൊഴി ഉപഭോക്തൃകാര്യ – ഭക്ഷ്യ – പൊതുവിതരണ കമ്മറ്റി അധ്യക്ഷയായും തുടരും.
ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ജന്‍ വിശ്വാസ് ഭേദഗതി ബില്‍ പരിഗണിക്കുന്ന സെലക്ട് കമ്മിറ്റിയില്‍ തേജസ്വി സൂര്യയാണ് അധ്യക്ഷന്‍. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ സമിതിയില്‍ അംഗമാണ്. പാപ്പരത്ത നിയമ ഭേദഗതി ബില്‍ പരിഗണിക്കുന്ന സമിതിയില്‍ ബിജെപിയുടെ ബൈജയന്ത് പാണ്ഡെ അധ്യക്ഷനാകും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമാകുന്നതു വ്യവസ്ഥ ചെയ്യുന്ന മൂന്ന് ബില്ലുകള്‍ പരിഗണിക്കേണ്ട സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല.
orr


Be the first to comment