
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് മയപ്പെടുന്നു.രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ വരാൻ തടസമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. സണ്ണി ജോസഫിനും അടൂർ പ്രകാശിനും ഹസനും പിന്നാലെയാണ് കെ. മുരളീധരന്റെ നിലപാട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അന്വേഷണത്തെ ജനങ്ങൾ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു . ഇതുവരെ എഴുതി തന്ന പരാതി എത്തിയിട്ടില്ല. മറ്റ് നടപടിയിലേക്ക് കടക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. വ്യക്തമായ നയം പാർട്ടി സ്വീകരിച്ചിട്ടുണ്ട്.
സർക്കാർ അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ല. ഏതാണ് ശരിയെന്ന് തോന്നുമ്പോൾ പാർട്ടി ആ നിലപാട് സ്വീകരിക്കും. അനുകൂലവും പ്രതികൂലവും ഇല്ല. സഭാ നടപടികളുടെ കാര്യങ്ങളിൽ സ്പീക്കറാണ് തീരുമാനം എടുക്കേണ്ടത്. കോൺഗ്രസിന്റെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടാകില്ല. അസംബ്ലിയിൽ ചെന്ന് കയ്യേറ്റം നടത്തുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കാം. തിരിച്ച് പ്രതിപക്ഷം പൂച്ചയുടെ ശബ്ദം ഉണ്ടാക്കും. അവിടെ ശരിക്കും ഉള്ള കോഴികൾ ഉണ്ട്, എഴുതിതന്ന പരാതിയും ഉണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് സഭയിൽ പങ്കെടുക്കുന്നതിനും തടസ്സമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Be the first to comment