യുഡിഎഫ് ബഹിഷ്‌കരിച്ച ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ റിയൽ ക്യാപ്റ്റനെന്ന് പുകഴ്ത്തി; എൻ അബൂബക്കറിന് സസ്പെൻഷൻ

യുഡിഎഫ് ബഹിഷ്‌കരിച്ച വികസന സദസിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ പ്രശംസിച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിന്റിങ് കമ്മറ്റി ചെയർമാൻ എൻ അബൂബക്കറിനെ കോൺഗ്രസ് പാർട്ടി സസ്‌പെൻഡ് ചെയ്തു. പൂവാട്ടുപറമ്പ് ഡിവിഷനിൽ നിന്നുള്ള എൻ അബൂബക്കർ വികസന സദസിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ റിയൽ ക്യാപ്റ്റനെന്ന് പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.

‘സംസ്ഥാന സർക്കാരിന്റെ ചെലവിൽ നടത്തിയ വികസന പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ ചെലവിൽ തന്നെ ജനങ്ങളോട് പറയുന്നതിൽ എന്താണ് തടസം. ഒരു തടസവുമില്ല. രണ്ട് ഫോട്ടോകൂടി വേണ്ടിയിരുന്നു. അതിലൊന്ന് നമ്മുടെ റിയൽ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റേതുമായിരുന്നു. നമ്മൾ കാര്യങ്ങൾ തുറന്നുപറഞ്ഞാലേ ജനങ്ങൾക്ക് ഇതെല്ലാം മനസിലാകൂ’വെന്നാണ് വികസനസദസിൽ പങ്കെടുത്ത് എൻ അബൂബക്കർ പറഞ്ഞത്.

നവകേരള സദസിൽ പങ്കെടുത്തതിനും മുൻപ് അബൂബക്കർ സസ്‌പെൻഷൻ നേരിട്ടിരുന്നു. ഓമശേരിയിൽ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാതസദസിലാണ് എൻ അബൂബക്കർ പങ്കെടുത്തിരുന്നത്. കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് അന്ന് അബൂബക്കർക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*