കണക്ട് ടു വർക്ക് പദ്ധതിയുടെ ഗുണഭോക്താക്കളുടെ വരുമാന പരിധി 1ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുന്ന പദ്ധതിയിൽ ഇതുവരെ മുപ്പതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചു.
അപേക്ഷകൾ എത്രയായാലും അർഹരായ എല്ലാവർക്കും സഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കണക്ട് ടു വർക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ധനമന്ത്രി കെ.എൻ ബാലഗോപാൽ, റവന്യു മന്ത്രി കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.
18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുന്നതാണ് ‘കണക്ട് ടു വർക്ക്’ പദ്ധതി. നിലവിൽ 30000 ത്തിൽ കൂടുതൽ അപേക്ഷ ഇതിനോടകം ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ ആളുകൾ എത്തിയാലും സർക്കാർ ധനസഹായം ഉറപ്പാക്കും. ജനങ്ങളെ ഉൽപ്പാദന മേഖലയുമായി ബന്ധപ്പെടുത്തി തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യം എന്നതിലേക്ക് സമൂഹവും കുട്ടികളും മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കണക്ട് ടു വർക്ക് ആയതിനാൽ, ആവശ്യമായ ഉത്പാദന വർധനവ് ഉണ്ടാകണം. അതിനുള്ള ഇടപെടലും സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലവിധ കാരണങ്ങളാൽ തൊഴിലിന് പോകാത്തവർ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. വലിയ തോതിലുള്ള ഒരു വിഭാഗമാണ് അത്. നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ളവർ വീടുകളിൽ കഴിയുന്ന അവസ്ഥ. തൊഴിലിന് വേണ്ടി ശ്രമിച്ചിട്ടും തൊഴിൽ ലഭിക്കാത്താവരുണ്ട്. ഇവരെയെല്ലാം കണക്കാക്കിയാണ് വിജ്ഞാന കേരളം ക്യാമ്പയിൻ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി വിവരിച്ചു.
സംസ്ഥാനത്ത് ഒരുപാട് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്. വലിയ തോതിൽ ഉള്ള വളർച്ചയാണ് സംസ്ഥാനത്തുള്ളത്. 26000 കോടി നിക്ഷേപം സ്വീകരിക്കാനായി. തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. 3 ലക്ഷത്തിലധികം സംരംഭങ്ങൾ ഉണ്ടായി. ഇതിനെല്ലാം ഉതകുന്നതാണ് കണക്ട് ടു വർക്ക് പദ്ധതിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ട്. അത് ഉപയോഗിക്കുന്നില്ല. അതിന് ആവശ്യമായ പരിശീലനം നൽകണം. വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ വലിയ പങ്കാണ് വിജ്ഞാന കേരളം പദ്ധതിക്കുള്ളത്.നേരത്തെ തൊഴിൽ അന്വേഷകരായിരുന്നു യുവാക്കൾ. അവരെ തൊഴിൽ ദാതാക്കളും സംരംഭകരുമാക്കി മാറ്റാൻ സംസ്ഥാന സർക്കാരിനായി. പഠനകാലത്ത് തന്നെ അവര് തൊഴിൽ ദാതാക്കളായി. സ്റ്റാർട്ട് ആപ്പിൽ ഭീമമായ വർധന ഉണ്ടായി. ആ രീതിയിൽ യുവാക്കൾക്ക് അവസരം ലഭ്യമാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



Be the first to comment