‘100 പാലങ്ങൾ പണിയണമെന്ന് ലക്ഷ്യമിട്ടു, പക്ഷെ 200 എണ്ണം നാടിന് സമ്മാനിക്കാൻ കഴിഞ്ഞു’; മുഹമ്മദ് റിയാസ്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷക്കാലത്ത് സംസ്ഥാനത്തില്‍ 200 പാലങ്ങളുടെ പണി പൂർത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം ഭരണത്തിലെ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ കേരളത്തിന് 200 പാലങ്ങൾ ലഭിച്ചുവെന്ന് മു​ഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.

2021ൽ പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം. ഇതിൻ്റെ ഭാഗമായി പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2,000 കോടി രൂപയിലധികം ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെയെന്ന് മുഹമ്മ​ദ് റിയാസ് പറഞ്ഞു. ഈ വിജയത്തിന് വേണ്ടി കൂടെനിന്ന എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങൾ വിഭാഗം, ദേശീയപാതാ വിഭാഗം, കെഎസ്ടിപി, ആർബിഡിസികെ, കെആർഎഫ്ബി എന്നീ വിങ്ങുകളുടെ നേതൃത്വത്തിലാണ് പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. സമയബന്ധിതമായി നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മന്ത്രി മുഹമ്മദ് റിയാസ് നിരന്തരം റിവ്യൂ യോഗങ്ങൾ ചേരുകയും പ്രവൃത്തി നടക്കുന്നയിടങ്ങളിൽ നേരിട്ട് പരിശോധന നടത്തുകയും ചെയ്തിരുന്നു. നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതയോഗ്യമായ പാലങ്ങളുടെ എണ്ണമാണ് ഇപ്പോൾ മന്ത്രി പുറത്തുവിട്ടിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*